/kalakaumudi/media/media_files/2026/02/19/vettukad-2026-02-19-12-39-51.jpg)
കടലാക്രമണം ഭയന്ന് ജീവിക്കുന്ന,കടൽ കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നവരാണ് മത്സ്യ തൊഴിലാളികൾ. ആ കടലിന്ന് അവർക്ക് അന്യം വന്നുകൊണ്ടിരിക്കുകയാണ്. കടൽ കയറി തീരം ശോഷിച്ച് അന്നവും കിടപ്പാടം നഷ്ടപ്പെട്ട ഒട്ടേറെ കുടുംബങ്ങളിന്ന് വാടക വീടുകളിലാണ്. ഇനിയും കടൽ കയറിയാൽ അവശേഷിക്കുന്ന കുടംബങ്ങളും വഴിയാധാരമാകുന്ന സ്ഥിതിവേശേഷവും. നെഞ്ചുരുകി കഴിയുകയാണ് അവർ.
കടൽതീരം സംരക്ഷിക്കാൻ സർക്കാർ കടൽ ഭിത്തി കെട്ടി മത്സ്യ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കണം. അതിന് വെട്ടുകാടിന്റെ കടലോരത്ത് പുലിമുട്ടിടണം. പലരും വൈകുന്നേരങ്ങളിൽ വെട്ടുകാടുള്ള മാേ്രദ ദേ ദേവൂസ് ദേവാലയത്തിൽ തങ്ങളുടെ ഇഷ്ടദൈവത്തിന് മുന്നിലെത്തി ഉള്ളുലഞ്ഞ് പ്രാർത്ഥിക്കും. മറ്റുള്ളവർ പ്രാർത്ഥിക്കും പോലെ ഉണർന്നെണീക്കുമ്പോൾ പതിനായിരങ്ങൾ കൈവെള്ളയിൽ വെച്ചു തരണേ് എന്നല്ല,മറിച്ച് ഉണർന്നെണീൽക്കുമ്പോൾ വീടുണ്ടാകണേ എന്നാണ് തീരദേശവാസികളുടെ രാത്രി പ്രാർത്ഥന.
തീരപ്രദേശത്ത് കടൽ കയറി ഏകദേശം നൂറിൽപ്പരം വീടുകൾ ഒലിച്ചു പോയി. ഇതിൽ 63 പേർക്ക് മുട്ടത്തറ വീട് ലഭിച്ചെങ്കിലും ബാക്കിയുള്ളവർക്ക് ഇനിയും വീട് കിട്ടിയിട്ടില്ല. ബാക്കിയുള്ളവർ വാടക വീടുകളിലാണ. ഫിഷറീസ് വകുപ്പിൽ നിന്ന് വാടക ഇനത്തിൽ കിട്ടുന്ന അയ്യായിരം രൂപയാണ് ഏക ശാന്തി. പലർക്കും ഈ പണം വാടകവീടിന് തികയാറില്ല. ബാക്കി പണം കൈയ്യിൽ നിന്ന് കൊടുക്കണം. അപ്പോഴും വീട് കടലോരം താണ്ടി മാത്രമേ കിട്ടൂ എന്ന സ്ഥിതിയും.
ഇപ്പോൾ സർക്കാർ മുൻകൈയ്യെടുത്ത് കടലിനോട് ചേർന്ന് അൻപത് മീറ്റർ മാത്രം അകലത്തിലുള്ള വീട്ടുകാരെ പുനർഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാർപ്പിക്കുകയാണ്. അവർ പറയുന്നു. കടപ്പുറത്ത് ജീവിച്ച ഞങ്ങൾക്ക് മറ്റെവിടെയും ജീവിക്കാനറിയില്ല. ഈ കടലാണ് ഞങ്ങളുടെ അന്നം. ഈ കടപ്പുറത്ത് തന്നെ ഞങ്ങളക്ക് ജീവിക്കണം.
ഈന്തിവിളാകം മുതൽ പലേയിടത്തും വെള്ളക്കെട്ടുണ്ട്. പരിഹരിക്കണം. മാധവപുരം പ്രദേശത്തെ റോഡുകൾ വെട്ടുകാട് പോലെ ബിഎം ആന്റ് ബിസി നിലവാരത്തിലാക്കണം. കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന ഡയാപ്പർ ഉൾപ്പെടെ കളക്ട് ചെയ്യുന്ന സംവിധാനമുണ്ടാകണമെന്നും ആവശ്യമുയരുന്നു.
നിലവിൽ വെട്ടുകാട് പി.എച്ച്.സിയിൽ രാവിലെ ഒൺപത് മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് ഡോക്ടർമാരുടെ സേവനമുള്ളത്.
ഇത് രാത്രി ഏഴ് മണി വരെ നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തീരപ്രദേശത്തെ കുട്ടികൾക്ക് രാത്രി കാലങ്ങളിൽ പനി,ഛർദ്ദി ഉൾപ്പെടെ രോഗങ്ങൾ അലട്ടാറുണ്ട്. മിക്കപ്പോഴും മത്സ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് അമ്മമാർ വീടുകളിൽ ഉണ്ടാകാറില്ല. രാത്രി ഒൺപത് പത്തു മണിയോടെയാണ് ഇവർ മത്സ്യം വിറ്റു കഴിഞ്ഞ് വീടണയുന്നത്. ആണുങ്ങളാണെങ്കിൽ മത്സ്യ ബന്ധനത്തിന് കടലിലും പോകും. വീട്ടിലുള്ള പ്രായമാകാത്ത സഹോദരിയോ,സഹോദരന്മാരോ ആണ് കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുന്നത്.
ഇവർക്കാണെങ്കിൽ പലപ്പോഴും കുട്ടികളെ പരിചരിക്കാനോ,കൈകാര്യം ചെയ്യുന്നതിനോ കഴിയാറില്ല. ആശുപത്രിയിലെത്തിയാൽ മുതിർന്നവരില്ലെങ്കിൽ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഡോക്ടർമാർ ചികിത്സ നൽകാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരമായി പി.എച്ച്.സിയിൽ ഒരു ഡോക്ടറുടെ സേവനം കൂടി അനുവദിച്ച് ഒ.പി സമയത്തിൽ മാറ്റം വരുത്തണം.
വാർഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് ഇപ്പോൾ ഹരിതകർമ്മ സേന ശേഖരിക്കുന്നത്. അജൈവ മാലിന്യം ഒരു കീറാമുട്ടിയായി തുടരുകയാണ്.
ഇത് പരിഹരിക്കുന്നതിനായി വെട്ടുകാട് പള്ളിയുടെ ഉടമസ്ഥതയിലെ കുറച്ചു സ്ഥലം ഒരു ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാനായി വിട്ടു നൽകുമെന്ന് പള്ളിയിലെ ഫാദർ എഡിസൻ വയ്യം സമ്മതിച്ചിട്ടുണ്ട്.
വെട്ടുകാട് പഴയ വെട്ടുകാടല്ല,പക്ഷേ കടൽ കടന്നുകയറുന്ന പ്രതിഭാസം നാട്ടുകാരെ വല്ലാതെ വലയ്ക്കുകയാണ്.
വെട്ടുകാട് ചർച്ചിന്റെ കീഴിലുള്ള സ്ഥലത്ത് ആധുനിക രീതിയിലുള്ള ഹൈടെക് മത്സ്യ മാർക്കറ്റ് വേണമെന്ന ആവിശ്യവും ഉയരുകയാണ് ,
തീരദേശത്തുള്ള കായിക പ്രതിഭകളെ വളർത്തിയെടുക്കുവാൻ വേണ്ടി വെട്ടുകാട് സെന്റ് മേരീസ് എച്ച്എസ്എസ് എയ്ഡഡ് സ്‌കൂളിൽ പ്ലേ ഗ്രൗണ്ട് ഒരുക്കണം. ആധുനിക തരത്തിലുള്ള ഒരു നീന്തൽ കുളവും ഒരു സിന്തറ്റിക് ട്രാക്കും നിർമ്മിക്കാൻ കോർപ്പറേഷനും സർക്കാരും തയ്യാറാകണമെന്ന് ആവിശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട് .
.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
