രണ്ട്ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയിൽ എത്തും ;ഗതാഗത നിയന്ത്രണം

വാത്തുരുത്തി ജങ്ഷൻ മുതൽ ഹൈക്കോടതി ജങ്ഷൻ വരെയുള്ള വില്ലിങ്ടൺ ഐലൻഡ്, നേവൽ ബേസ്, തേവര,എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോൺ നിയന്ത്രണവുംഏർപ്പെടുത്തി

author-image
Devina
New Update
cp radha

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി .പി. രാധാകൃഷ്ണൻ  ഇന്ന് കൊച്ചിയിൽ എത്തും. ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹത്തെ സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും.

തുടർന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങിൽ പങ്കെടുക്കും. രാത്രി കൊച്ചിയിൽ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരിൽ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മടങ്ങിപ്പോകും.ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മുതൽ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതൽ 11 വരെയുമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വാത്തുരുത്തി ജങ്ഷൻ മുതൽ ഹൈക്കോടതി ജങ്ഷൻ വരെയുള്ള വില്ലിങ്ടൺ ഐലൻഡ്, നേവൽ ബേസ്, തേവര,എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോൺ നിയന്ത്രണവുംഏർപ്പെടുത്തി .

ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടർ പറമ്പിത്തറ പാലം, കുണ്ടന്നൂർ ജങ്ഷൻ, വൈറ്റില, കടവന്ത്ര, കെ.കെ. റോഡ്, ഹൈക്കോടതി ജങ്ഷൻ, ബോൾഗാട്ടി ജങ്ഷൻ വഴി കണ്ടെയ്‌നർ ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ട്‌കൊച്ചി വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം. വൈപ്പിൻ ഭാഗത്തുനിന്ന് ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജങ്ഷനിൽനിന്ന് കലൂർ, കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ വഴിപോകണം. അല്ലെങ്കിൽ ഫോർട്ട്‌കൊച്ചി വൈപ്പിൻ ജങ്കാർ ഉപയോഗിക്കണം.

തേവര ഫെറി ഭാഗത്തുനിന്ന് കലൂർ-ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജങ്ഷൻ, പനമ്പിള്ളി നഗർ, കെ.കെ. റോഡ്, കലൂർ ജങ്ഷൻ വഴി പോകണം. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോർട്ട് ജങ്ഷൻ വരെ മാത്രമേ പോകാൻ സാധിക്കൂ. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.