വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കേരള രാജ് ഭവനിൽ രാവിലെ 7.15 മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 55 കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു.

author-image
Vishnupriya
New Update
pa

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.  ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻപറമ്പ്, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. കേരള രാജ് ഭവനിൽ രാവിലെ 7.15 മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 55 കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു.

തിരൂർ തു‍ഞ്ചൻപറമ്പിൽ രാവിലെ 5ന് വിദ്യാരംഭച്ചടങ്ങ് ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തൽ നടന്നത്. സരസ്വതി മണ്ഡപത്തിൽ നാൽപതിലേറെ സാഹിത്യകാരന്മാരും കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും കുട്ടികൾക്കു ഹരിശ്രീ കുറിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേർ ഇവിടെയെത്തി തങ്ങൾ രചിച്ച കവിതകൾ ചൊല്ലി. തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചുവട്ടിലും ഹരിശ്രീ കുറിക്കാൻ ധാരാളം പേരെത്തി.

തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കരിക്കകം ശ്രീചാമുണ്ഡി ദേവി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ശാന്തിഗിരി ആശ്രമത്തിൽ പ്രാർഥനാലയത്തിലും ശിവഗിരി മഠത്തിൽ ശാരദാദേവി സന്നിധിയിലും വിദ്യാരംഭച്ചടങ്ങു നടന്നു. ശാരദമഠത്തിലെ വഴിപാടുകൾക്ക് പ്രസാദമായി പൂജിച്ച പേന നൽകി. ശാന്തിഗിരിയിൽ പ്രാർഥനാലയം, താമര പർണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളിലും ശിവഗിരിയിൽ പർണശാല, വൈദികമഠം, ബോധാനന്ദ സ്വാമി പീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലും ദർശനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ദേശീയ ബാലതരംഗം ഗാന്ധി സ്മാരക നിധിയുമായി ചേർന്ന് തൈക്കാട് ഗാന്ധി ഭവനിൽ വിദ്യാരംഭം നടത്തി.

vidhyarambham