തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 27ന് കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദത്തെ കോടതി വിമർശിച്ചിരുന്നു. കേസ് നിലനില്‍ക്കുന്നത് കോടതിയില്‍ ആണെന്നും റിപ്പോര്‍ട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്ജി എം.വി.രാജകുമാര ചോദ്യം ഉയർത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ഹാജരാക്കിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി തുടര്‍നടപടി സ്വീകരിക്കും. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഒപ്പിട്ടത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ അജിത് കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി ആ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിന് ശേഷവും അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചതും കോടതിയെ ചൊടുപ്പിച്ചിരുന്നു.
എം.ആര്‍.അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതി പണം ഉൾപ്പെടുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.