ശബരിമലയിൽ അഷ്ടാഭിഷേകത്തിന് വാങ്ങുന്നത് അഞ്ചിരട്ടിയിലധികം സാധനങ്ങൾ; വിജിലൻസ് റിപ്പോർട്ട് മുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

അഷ്ടാഭിഷേകത്തിന് കദളിപ്പഴത്തിനു പകരം കൂടുതലും ഉപയോഗിക്കുന്നത് പൂവൻപഴം. 25 ലിറ്റർ തേൻ വേണ്ടിടത്ത് വാങ്ങിയത് 75 ലിറ്റർ വർഷങ്ങളായി തുടരുന്ന തട്ടിപ്പെന്ന് റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
sabarimala

sabarimala

Listen to this article
0.75x 1x 1.5x
00:00 / 00:00



തിരുവനന്തപുരം: ശബരിമലയിൽ അനധികൃതമായി പർച്ചേസ് നടത്തുകയും അതുവഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുകയും ചെയ്‌തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി. മാത്രമല്ല വിജിലൻസ് നൽകിയ ശുപാർശകൾ നടപ്പാക്കിയതുമില്ല. അഷ്ടാഭിഷേകത്തിന് ആവശ്യമായ സാധനങ്ങളിൽ അധികം പർച്ചേസ് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വടശ്ശേരിക്കര, ചേറ്റൂർ ഇല്ലത്തെ ഈശ്വരൻ പോറ്റി എന്നയാളായിരുന്നു തിരുവിതാംകൂർ കൊച്ചി ദേവസ്വം ഓംബുഡ്‌സ്മാന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസിനോട് അന്വേഷിക്കാൻ ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകുകയായിരുന്നു.

സംഭവത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. എന്നാൽ പരാതി നൽകിയ ആളെ വിജിലൻസിന് കണ്ടെത്താനോ, മൊഴിയെടുക്കാനോ സാധിച്ചിരുന്നില്ല. ഓംബുഡ്‌സ്മാന്റെ നിർദ്ദേശമായിരുന്നതിനാൽ പരാതി സംബന്ധിച്ച് ദേവസ്വം വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

2017 ഒക്‌റ്റോബർ മുതൽ 2020 ജൂൺ വരെ ശബരിമല മെയിൻ സ്‌റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനു അഴിമതി നടത്തിയും ബിനാമി പേരുകളിൽ ശബരിമലയിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്തു ഓപ്പൺ മാർക്കറ്റിൽ നിന്നും അനധികൃതമായി പർച്ചേസ് ചെയ്തും അനധികൃത സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നുമായിരുന്നു പരാതി. തിരുവിതാംകൂർ കൊച്ചി ദേവസ്വം ഓംബുഡ്‌സ്മാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസ് ഇക്കാര്യം അന്വേഷിച്ചത്.

2020-2021 മണ്ഡല മകരവിളക്കു സമയത്ത് 2020 നവംബർ 16 മുതൽ 2020 ഡിസംബർ 19 വരെ അഭിഷേകം വഴിപാടിന്റെ ദ്രവ്യങ്ങൾ ശബരിമല മെയിൻ സ്റ്റോറിൽ നിന്നും ഇന്റൻഡ് പ്രകാരം ശബരിമല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വാങ്ങിയതിന്റെ അളവ് യഥാർത്ഥത്തിൽ അഭിഷേകത്തിന് ഒരു ഭക്തന് നൽകുന്ന വഴിപാട് സാധനത്തിന്റെ അളവിനെക്കാൾ അഞ്ചിരട്ടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ  വഴിപാട് സാധനങ്ങളുടെ കൂട്ട് തയാറാക്കുന്ന ശബരിമല ദേവസ്വം വാച്ചർമാരെയും ദിവസ വേതനക്കാരെയും അഭിഷേക സമയം ശ്രീകോവിലിൽ ഉണ്ടാകാറുള്ള ദേവസ്വം ഉൾക്കഴകത്തെയും കണ്ട് ചോദിച്ചറിഞ്ഞും നേരിട്ടുള്ള പരിശോധനയിലുമാണ് ഇക്കാര്യം വെളിവായിട്ടുള്ളതെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്.

2020 നവംബർ 18 മുതൽ 2020 ഡിസംബർ 23 വരെ ആകെ 400 വഴിപാടുകളാണ് നടന്നിട്ടുള്ളത്. അതായത് രസീത് പ്രകാരം 157ഉം ഓൺലൈൻ ബുക്കിംഗിലൂടെ 243ഉം വഴിപാടുകൾ നടന്നു. ഈ കാലയളവിൽ ഇന്റൻഡ് പ്രകാരം 435 ലിറ്റർ തേനും 570 കിലോ ഭസ്മവും 104 കിലോ കൽക്കണ്ടവും 116 കിലോ ഉണക്ക മുന്തിരിയും 144.5 കിലോ നെയ്യും 5700 എണ്ണം കദളിപ്പഴവും 400 കിലോ കളഭവും 250 മില്ലി ലിറ്ററിന്റെ 4800 പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും വഴിപാടിനായി എടുത്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ശബരിമല ദേവസ്വം അക്കൗണ്ടന്റ് അഭിജിത്തിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിരുന്നു. എന്നാൽ മുൻ വർഷങ്ങളിലും ഇതേ അളവിലാണ് സാധനങ്ങൾ അഭിഷേകത്തിന് ഇന്റൻഡ് പ്രകാരം സാധനങ്ങൾ സ്റ്റോറിൽ നിന്നും വാങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അതിനു മുൻവർഷത്തെ പർച്ചേസും വിജിലൻസ് പരിശോധിച്ചു. 2019-2020 വർഷം 2728 അഭിഷേകം നടത്തിയിരുന്നതായി കണ്ടെത്തി.

ഇതിന് ഇന്റൻഡ് പ്രകാരം സാധനങ്ങൾ ശബരിമല മെയിൻ സ്റ്റോറിൽ നിന്നും വാങ്ങിയ സാധനങ്ങളും പരിശോധിച്ചു. അതിലും അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. അതിനു മുൻ വർഷങ്ങളിലും ഇത്തരത്തിൽ സാധനങ്ങൾ എടുത്തിട്ടുള്ളതും തെളിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ ശബരിമല മെയിൻ സ്‌റ്റോറിന്റെ ചുമതല വഹിച്ചിരുന്നത് പരാതിയിൽ പറയുന്ന എസ്. മനുവായിരുന്നു. വർഷങ്ങളായി ശബലിമരയിൽ അഷ്ടാഭിഷേ,ം വഴിപാട് കൂട്ട് തയാറാക്കുന്ന ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

100 അഷ്ടാഭിഷേകം തയാറാക്കുന്നതിന് പഞ്ചാമൃതം ഉൾപ്പെടെ ഉണ്ടാക്കുന്നതിന് 25 ലിറ്റർ തേനാണ് വേണ്ടത്. നെയ്യ് 15 കി.ഗ്രാം, 15 ലിറ്റര്ഡ കരിക്കിൻവെള്ളം, ഭസ്മം 15 ഗ്രാം, കളഭം 15 കി.ഗ്രാം, പനിനീർ 15 ലിറ്റർ, പാൽ 15 ലിറ്റർ, പഞ്ചാമൃതം 15 ലിറ്റർ (10 ലിറ്റർ തേൻ, 100 കദളിപ്പഴം 1.500 കിലോ ഉണക്ക മുന്തിരി, 1.500 കിലോ നെയ്യ്, 1 കിലോ ശർക്കര, 1.500 കിലോ കൽക്കണ്ടം) മാത്രമാണ് വേണ്ടത്. എന്നാൽ ഇൻഡന്റും പ്രകാരം കാലങ്ങളായി ശബരിമല മെയിൻ സ്റ്റോറിൽ നിന്നും എടുക്കുന്നത് അഞ്ചിരട്ടിയോളം സാധനങ്ങളാണ്. 100 അഷ്ടാഭിഷേകത്തിനായി 75 ലിറ്റർ തേൻ, 100 കിലോ വിഭൂതി, 50 ലിറ്റർ നെയ്യ്, 100 കിലോ കളഭം, 20 കിലോ മുന്തിരി, 1000 കദളിപ്പഴം 18 കിലോ കൽക്കണ്ടം എന്നിങ്ങനെയായിരുന്നു പർച്ചേസ് നടത്തിയത്.

2019-2020 വർഷം 2728 അഷ്ടാഭിഷേകം നടത്തുന്നതിനായും അഞ്ചിരട്ടിയിലധികം സാധനങ്ങൾ എടുത്തിട്ടുണ്ട്. ഇത്രയും അഭിഷേകത്തിന് 682 ലിറ്റർ തേൻ വേണ്ടിടത്ത് ഇന്റൻഡിൻ പ്രകാരം വാങ്ങിയത് 1710 ലിറ്ററാണ്. ആ വർഷം ദേവസ്വം ബോർഡിനുണ്ടായ നഷ്ടം 2,82,700 രൂപയാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. 409.2 കിലോ വിഭൂതി വേണ്ട സ്ഥാനത്ത് എടുത്തത് 2280 കിലോ, 709.28 ലിറ്റർ നെയ്യ് വേണ്ടിടത്ത് 577.500 ലിറ്റർ, 400 കിലോ കളഭം വേണ്ടിടത്ത് 777 കിലോ, 40 കിലോ ഉണക്ക മുന്തിരി വേണ്ടിടത്ത് 466 കിലോ, 300 കദളിപ്പഴം വേണ്ടിടത്ത് 22800 എണ്ണം, 50 കിലോ കൽക്കണ്ടം വേണ്ടിടത്ത് 410.04 കിലോ എന്നിങ്ങനെയാണ് ഇൻഡന്റിൻ പ്രകാരം വാങ്ങിയ സാധനങ്ങൾ.

2019-20 കാലയളവിൽ ദേവസ്വം ബോർഡിന് 4,97,715 രൂപയിൽ കുറയാത്ത നഷ്ടം വന്നിട്ടുണ്ടെന്നാണ്  വിജിലൻസിന്റെ കണ്ടെത്തൽ. 1193, 1194, 1195 എന്നീ കൊല്ലവർഷ സീസണുകളിൽ മനു ശബരിമല മെയിൻ സ്‌റ്റോറിന്റെ ചുമതല വഹിച്ചിരുന്നു. വിജിലൻസ് അന്വേഷണ സമയത്ത് അക്കൗണ്ടന്റായിരുന്ന അഭിജിത്തിന്റെ മൊഴി പ്രകാരം താൻ മുൻ വർഷങ്ങളിലെ രേഖകൾ പരിശോധിച്ചതിൽ ഇതേ അനുപാതത്തിൽ തന്നെയാണ് ശബരിമല മെയിൻ സ്റ്റോറിൽ നിന്നും അഷ്ടാഭിഷേകം ദ്രവ്യങ്ങൾ ഇന്റൻഡിൻ പ്രകാരം വാങ്ങുന്നതെന്നാണ്.

അഷ്ടാഭിഷേകം വഴിപാടിന്റെ ചുമതലക്കാരൻ ശബരിമല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. അഷ്ടാഭിഷേകം വഴിപാടിന്റെ ദ്രവ്യങ്ങൾ ശബരിമല സ്റ്റോറിൽ നിന്നും എടുക്കുന്ന ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് സ്റ്റോക്ക് രജിസ്റ്റർ ഒന്നും ശബരിമല എഒ പാലിച്ചിട്ടില്ലെന്നും വിജിലൻസ് പറയുന്നു. അഷ്ടാഭിഷേക വഴിപാടിന്റെ ദ്രവ്യങ്ങളായ പാൽ, കരിക്കിൻവെള്ളം, പനിനീർ എന്നിവ ശബരിമല ദേവസ്വം എഒ സ്വന്തം നിലയിൽ വാങ്ങി ചെലവഴുതി എടുക്കുകയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് വിജിലൻസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. അഷ്ടാഭിഷേക ദ്രവ്യങ്ങൾ ആവശ്യത്തിൽ കൂടുതൽ ഇൻഡന്റും പ്രകാരം എടുക്കുന്നത് ശബരിമല ദേവസ്വം എഒയും ശബരിമല മെയിൻ സ്റ്റോർ സൂപ്രണ്ടും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വിജിലൻസ് കണ്ടെത്തി. ഇക്കാര്യത്തിൽ ശബരിമല മെയിൻ സ്റ്റോറിൽ വർഷങ്ങളായി മാറ്റമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും പങ്കുണ്ട്.

ശബരിമല ദേവസ്വം എഒയ്ക്കു വേണ്ടി സ്റ്റോറിൽ നിന്നും അഷ്ടാഭിഷേക സാധനങ്ങൾ ശേഖരിക്കുന്നത് അഷ്ടാഭിഷേകം തയാറാക്കുന്ന ദിവസ വേതന ജീവനക്കാരാണ് യാതൊരു അളവും കൂടാതെ ആവശ്യക്കാർക്കുള്ള അളവിൽ സാധനങ്ങൾ സ്‌റ്റോറിൽ നിന്നും എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇൻഡന്റ് എഒ ശബരിമല ദേവസ്വം അക്കൗണ്ടന്റ് മുഖേന സ്റ്റോറിൽ എത്തിക്കുകയാണ് പതിവ്.

കദളിപ്പഴം അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്നതായി രേഖകൾ പറയുന്നുണ്ടെങ്കിലും കൂടുതലും ഉപയോഗിക്കുന്നത് പൂവൻപഴമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല ശബരിമല ദേവസ്വം സ്റ്റോറിൽ നടക്കുന്നത് പലതും വ്യാജ വാങ്ങലുകളാണെന്നും ഇക്കാര്യത്തിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന പുറത്തുള്ള കച്ചവടക്കാർക്കും പങ്കുണ്ടെന്നും വിജിലൻസ് പറയുന്നു. എന്നാൽ ദേവസ്വത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.

2020 ഡിസംബർ 20ന് രാത്രി ശബരിമല മെയിൻ സ്‌റ്റോറിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ലഡ്ജറിൽ കാണിച്ചിരുന്ന തേൻ 202 ലിറ്ററിനെക്കാൾ അധികമായി 360 ലിറ്റർ കണ്ടെത്തിയിരുന്നു. എന്നാൽ 2019-2020 സീസണിനു ശേഷം 2020-21 സീസണിൽ തേൻ വാങ്ങിയിട്ടുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ അധികമായി സ്‌റ്റോക്കിൽ തേനുണ്ടായിരുന്നു.

ലഡ്ജറിൽ തേൻ കുറവാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഈസി ഓപ്പൺ ലിഡ്, കാർട്ടൺ ബോക്‌സ്, പേപ്പർ കണ്ടെയ്‌നർ, എന്നിവ ലഡ്ജറിൽ കാണിച്ച ബാലൻസിനെക്കാൾ ഫിസിക്കൽ പരിശോധനയിൽ കൂടുതലുണ്ടെന്ന് കണ്ടെത്തി.

ശബരിമല അരവണ പാക്കിംഗ് പ്ലാന്റ് ലഡ്ജറും പടി 2020 ഒക്‌റ്റോബർ 16ന് 1932 ഈസി ഓപ്പൺ ലിഡ് ഉപയോഗിച്ചതിൽ 80 എണ്ണം ഡാമേജാണെന്ന് കാണിച്ചിരുന്നു. അതേസമാസം 19ന് 1041 ഈസി ഓപ്പൺ ലിഡ് ഉപയോഗിച്ചതിൽ 41 എണ്ണം ഡാമേജെന്ന് കാണിച്ചിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ രണ്ടു ദിവസവും കൂടി ആകെ 30 ലിഡും പേപ്പർ കണ്ടെയ്‌നറുമാണ് ഡാമേജുള്ളതായി കണ്ടെത്തിയത്.

 ഈസി ഓപ്പൺ ലിഡ്, പേപ്പർ കണ്ടെയ്‌നർ എന്നിവ 4.4 മുതൽ 4.8 ശതമാനം വരെ ഡാമേജ് കാണിക്കാറുണ്ടെന്നും ഫിസിക്കലി ചെക്ക് ചെയ്യാറില്ലെന്നുമായിരുന്നു പ്ലാന്റിൽ ജോലിചെയ്തിരുന്ന ജീവനക്കാർ നൽകിയ മൊഴി. ഓട്ടോമേറ്റഡായ പാക്കിംഗ് മെഷീനിൽ 100ന് ഒന്നോ രണ്ടോ മാത്രമാണ് ഡാമേജ് വരാറുള്ളതെന്നാണ് 1999 മുതൽ അരവണ പാക്കിംഗ് മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുന്ന സുരേഷ് നൽകിയ മൊഴി.

ഇത്തരത്തിൽ മനു സ്‌റ്റോർ സൂപ്രണ്ടായിരുന്ന സമയം ബാലൻസ് വന്ന ലക്ഷക്കണക്കിന് ഈസി ഓപ്പൺ ലിഡ് പേപ്പർ, പേപ്പർ കണ്ടെയ്‌നർ എന്നിവ എന്തു ചെയ്തു എന്നതിനെ കുറിച്ച് ഒരു അറിവും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് പറയുന്നു. സ്റ്റോർ സൂപ്രണ്ട് അറിയാതെ ഇക്കാര്യത്തിൽ യാതൊരു നീക്കുപോക്കും നടത്താൻ സാധിക്കില്ല എന്നിരിക്കെയാണ് ഈ പ്രവൃത്തി.

മനു ശബരിമല മെയിൻ സ്‌റ്റോർ സൂപ്രണ്ടായിരുന്ന 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ അഷ്ടാഭിഷേകം വഴിപാടിനായി ശബരിമല എഒയുടെ ആവശ്യപ്രകാരം യഥാർത്ഥത്തിൽ ആവശ്യമുള്ളതിലും അഞ്ചിരട്ടിയിൽ കൂടുതൽ അഷ്ടാഭിഷേക ദ്രവ്യങ്ങൾ നൽകിയതിലൂടെ ദേവസ്വത്തിന് ഭീമമായ നഷ്ടമുണ്ടായെന്ന് വിജിലൻസ് പറയുന്നു. അതുപോലെ തന്നെ അരവണ പാക്കിംഗിന് ആവശ്യമായ ഈസി ാേപ്പൺ ലിഡ് ഡാമേജ് കൂടുതൽ കാണിച്ചതു സംബന്ധിച്ചും ന്യായമായും സംശയകരമാണെന്ന് റിപ്പോർട്ടിലുണ്ട്.

ഈ അനധികൃത ഇടപാടുകൾ വർഷങ്ങളായി നടന്നുവരുന്നതാണെന്നും മനു ഇടക്കാലത്തെ ഒരു കണ്ണി മാത്രമാണെന്നും വിജിലൻസ് പറയുന്നു. ഇതിൽ ശബരിമല ദേവസ്വം, ശബരിമല സ്റ്റോർ, അരവണ പാക്കിംഗ് മുതലായ സ്ഥലങ്ങളിലെ ജീവനക്കാർക്കും പങ്കുണ്ട്. ശബരിമല സ്റ്റോർ, അരവണ പാക്കിംഗ് എന്നിവിടങ്ങളിലെ കീഴ് ജീവനക്കാർ വർഷങ്ങളായി അവിടെത്തന്നെ ജോലി ചെയ്യുന്നവരാണ്. കൂടാതെ ശബരിമല മെയിൻ സ്‌റ്റോറിലെ പർച്ചേസുകൾ പലതും ബോഗസ് പർച്ചേസാണെന്നു വ്യക്തമാണെന്നും വിജിലൻസ് പറയുന്നു. ഈ വിഷയത്തിൽ ശബരിമല ദേവസ്വത്തിന് സാധനങ്ങളുടെ സപ്ലൈ കരാർ എടുത്ത സ്ഥാപനങ്ങൾക്കും പങ്കുണ്ടാകാമെന്നും വിജിലൻസ് സംശയിക്കുന്നു.

മനുവിന്റെയും അതിനു മുമ്പ് ശബരിമല സ്റ്റോറിന്റെ ചാർജ് വഹിച്ചിരുന്നവരുടെയും കാലഘട്ടത്തിൽ അഷ്ടാഭിഷേക ദ്രവ്യങ്ങളുടെയും യഥാർത്ഥ ഉപയോഗവും പർച്ചേസും ശബരിമല അരവണ പാക്കിംഗ് ഈസി ഓപ്പൺ ലിഡ്, പേപ്പർ കണ്ടെയ്‌നർ ഉപയോഗവും പർച്ചേസും സംബന്ധിച്ച് സ്‌പെഷ്യൽ ഓഡിറ്റ് നടത്തണമെന്നതായിരുന്നു വിജിലൻസിന്റെ ശുപാർശ.

മനു ചാർജ് വഹിച്ചിരുന്ന കാലഘട്ടത്തിൽ ഏകദേശം 10 ലക്ഷം രൂപയ്ക്ക് മുകളിൽ കുറഞ്ഞത് അഷ്ടാഭിഷേക ദ്രവ്യങ്ങളുടെ പർച്ചേസിൽ ദേവസ്വത്തിന് നഷ്ടം വന്നിട്ടുണ്ട്. ദേവസ്വത്തിന് പുറത്തുള്ള കോൺട്രാക്റ്റർമാരുടെ പങ്കും അന്വേഷിക്കേണ്ടതിനാൽ സംസ്ഥാന വിജിലൻസ് വിഭാഗത്തെ കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നും ശുപാർശയിൽ പറഞ്ഞിരുന്നു.

ശബരിമല മെയിൻ സ്റ്റോറിൽ നിന്നും ശബരിമല ദേവസ്വം എഒ ഇൻഡന്റ് പ്രകാരം എടുക്കുന്ന ദ്രവ്യങ്ങളുടെ നീക്കിയിരിക്കും ഉപയോഗവും സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ശബരിമല മെയിൻ സ്റ്റോറിൽ എത്തുന്ന വിലകൂടിയ ദ്രവ്യങ്ങളും ഈസി ഓപ്പൺ ലിഡ്, അരവണ പേപ്പർ, കണ്ടെയ്‌നർ, തേൻ തുടങ്ങിയവയുടെ ബൾക്ക് സ്റ്റോക്ക് വരവ് ശബരിമല മെയിൻ സ്‌റ്റോറിൽ രജിസ്റ്ററിൽ ചേർക്കുന്ന സമയം ദേവസ്വം വിജിലൻസിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം രജിസ്റ്ററ്റിൽ ചേർക്കണമെന്നും ശുപാർശയുണ്ടായിരുന്നു.

ശബരിമല, നിലയ്ക്കൽ എന്നിവിടങ്ങളിൽ സ്ഥിരമായി സ്റ്റോർ, അരവണ, മെസ് തുടങ്ങി മൂന്നു വർഷത്തിൽ അധികമായി ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാരെ മാറ്റാനും ശുപാർശയുണ്ടായിരുന്നു. 2021 ഫെബ്രുവരി അഞ്ചിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് സബ് ഇൻസ്‌പെക്ടർ അനീഷ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. എന്നാൽ നാളിതുവരെ ഗുരുതര കുറ്റം ചെയ്‌തെന്നു കണ്ടെത്തിയവർക്കെതിരെ ബോർഡ് നടപടിയെടുത്തിട്ടില്ല. മാത്രമല്ല ഈ ഫയൽ പൂഴ്ത്തുകയും ചെയ്തു.



Sabarimala travancore devaswom board vigilance report ashtabhishekam