/kalakaumudi/media/media_files/2025/11/29/biji-m-2025-11-29-11-54-01.jpg)
കൊച്ചി: വസ്തു പോക്കുവരവു ചെയ്ത് കരം തീർത്തു നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. വേങ്ങൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എം. ബിജി മാത്യുവിനെയാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്.
കുറുപ്പുംപടിയിലെ റവന്യൂ സർവീസസ് കൺസൽട്ടൻസി സ്ഥാപനം നടത്തിപ്പുകാരനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പുളിക്കൽ സ്വദേശിയായ വസ്തുഉടമ തന്റെ വസ്തു ഭാഗപത്രം ചെയ്യുന്നതിനും പോക്കുവരവു ചെയ്തു കരം തീർത്തു നൽകുന്നതിനും സ്ഥാപനയുടമയെ ചുമതലപ്പെടുത്തിയിരുന്നു. കുറുപ്പുംപടി സബ് രജിസ്ട്രാർ ഓഫീസിൽ ഭാഗപത്രം രജിസ്റ്റർ ചെയ്ത സ്ഥാപനയുടമ പോക്കുവരവു ചെയ്തു കരം ഒടുക്കിക്കിട്ടാൻ വേങ്ങൂർ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയുടെ തത്‌സ്ഥിതി അറിയാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് സ്ഥാപന ഉടമയോട് ബിജി മാത്യു 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
തുടർന്ന് സ്ഥാപന ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഡിവൈ.എസ്.പി ടി.എം. വർഗീസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് വില്ലേജ് ഓഫീസിലെത്തി പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 2025 ൽ ഇതുവരെ 51 കേസുകളിലായി 69 ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും കോഴയിടപാടിൽ വിജിലൻസ് അറസ്റ്റ് ചെയ്തതായി ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
