/kalakaumudi/media/media_files/2025/07/24/vinayakan-2025-07-24-16-58-25.jpg)
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖരുടെ പേരു പറഞ്ഞാണ് വിനായകന്‍ മോശം ഭാഷയില്‍ വീണ്ടും വിവാദ കുറിപ്പിട്ടത്.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വിഎസ്, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്ത് അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് വിനായകനെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വിനായകന്‍ വിഎസിന് ആദരമര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായി. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച കാര്യം പരാമര്‍ശിച്ച് വിനായകനെതിരെ വലിയ സൈബറാക്രമണം നടന്നത്. ഇതിന് മറുപടിയെന്നവണ്ണമാണ് വിനായകന്റെ പുതിയ പോസ്റ്റ്. പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.