നിരക്കിനെച്ചൊല്ലി സലൂണിൽ അക്രമം; പ്രതിയെ കൈയോടെ പൊക്കി പൊലീസ്

തലമുടി മുറിക്കാൻ അധികനിരക്ക് ഈടാക്കിയെന്ന് ആരോപിച്ച് മദ്യലഹരിയിൽ ചുറ്റികയുമായി സലൂണിൽ ആക്രമണം നടത്തിയ കുറ്റവാളിയെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

author-image
Shyam
New Update
jj.1.3712398

കൊച്ചി: ആക്രമണത്തിൽ സലൂൺ ജീവനക്കാരന് പരിക്കേറ്റു.

നിരവധി കേസുകളിലെ പ്രതി കടവന്ത്ര കരിത്തല മണികണ്ടൻ തുരുത്തിൽ സുബേഷിനെയാണ് (47) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് മേൽപ്പാലത്തിന് താഴെയുള്ള സലൂണിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. ചുറ്റികയുമായി എത്തിയ പ്രതി കടയിലെ ഇരുമ്പു കസേരകളിൽ അടിക്കുകയും അന്യസംസ്ഥാനക്കാരനായ കടയിലെ ജീവനക്കാരൻ നിജാമുദ്ദീന്റെ തലയെ ലക്ഷ്യമാക്കി ചുറ്റിക വീശുകയും ചെയ്തു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ തലയ്ക്ക് അടിയേൽക്കാതെ രക്ഷപ്പെട്ടു. ചുറ്റിക ലക്ഷ്യം തെറ്റി കൈയ്ക്ക് സാരമായ പരിക്കുണ്ട്.

വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. തുടർന്ന് രാത്രി കരിത്തലയിലെ വീട്ടിലെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നത്. രണ്ടാഴ്ച മുമ്പ് ഇയാൾ സലൂണിൽ മുടി മുറിച്ചപ്പോൾ 100 രൂപയായിരുന്നു നിരക്ക്. ഇതിന് മുമ്പ് മറ്റൊരു കടയിൽ മുടി മുറിച്ചപ്പോൾ 80 രൂപയാണ് വാങ്ങിയത്. 20 രൂപ അധികം ഈടാക്കിയെന്ന് ആരോപിച്ചാണ് സൗത്ത് പാലത്തിന് സമീപത്തെ കടയിൽ പരാക്രമം കാട്ടിയത്. മദ്യപിച്ച് വീട്ടിലുൾപ്പെടെ സ്ഥിരം പ്രശ്നക്കാരനാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

kochi