/kalakaumudi/media/media_files/2025/01/25/xAYrJAUyRgoWi4joUvHP.jpg)
കൊച്ചി: പുതുതായി വരുന്ന വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്ന് പകരുന്നതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ചടങ്ങിൽ വേമ്പനാട്ട് കായലിലെ ജല ഗുണനിലവാരം, ജലജന്യ പകർച്ചവ്യാധികൾ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. കാലാവസ്ഥാവ്യതിയാനവും പോഷകസമൃദ്ധമല്ലാത്ത ഭക്ഷണശീലങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ആവർ പറഞ്ഞു.
കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിന് വാട്ടർ ക്ലിനിക് ആപ്പ്, ശുചിത്വരീതികളെ കുറിച്ച് സർവേ നടത്തുന്നതിന് ക്ലെൻസ് ആപ്പ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിന് അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവ ഡോ. സൗമ്യ സ്വാമിനാഥൻ പുറത്തിറക്കി.
സി.എം.എഫ്.ആർ.ഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫി, നാൻസൺ എൻവയോൺമെന്റൽ റിസർച്ച് സെന്റർ-ഇന്ത്യ എന്നിവർ സംയുക്തമായാണ് വേമ്പനാട് കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിദ്ധ്യം, മലിനീകരണം, പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നത്. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷനായി. ഡോ. കാജൽ ചക്രവർത്തി, ഡോ വി.വി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.