വിഴിഞ്ഞം ഇന്ത്യയുടെ അത്ഭുത തുറമുഖം; ഒരു വര്‍ഷം, നേട്ടങ്ങളുടെ പെരുമഴ!

ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മറ്റൊരു തുറമുഖങ്ങള്‍ക്കും ഇല്ലാത്ത പ്രവര്‍ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ 1 ദശലക്ഷം എസ്എന്‍സിബിപി  കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം മാറി

author-image
Rajesh T L
New Update
vizhinjam dec 4 thumb

ഇന്ത്യയുടെ പ്രവേശന കവാടം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. ഇതിനിടയില്‍ കൈകാര്യം ചെയ്തത് 13.2 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ്. ഒരു വര്‍ഷത്തിനിടയില്‍ വിഴിഞ്ഞത്തു വന്നുപോയത് 615 ചരക്കുകപ്പലുകളാണ്. അള്‍ട്രാലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ അടക്കമുള്ള വമ്പന്‍ കപ്പലുകളും ഇവിടെ വന്നുപോയി. 

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ആദ്യ വര്‍ഷം ആഘോഷിക്കുമ്പോള്‍ അഭൂതപൂര്‍വമായ വളര്‍ച്ചയും ദേശീയ റെക്കോര്‍ഡുകളുമാണ് സ്ഥാപിച്ചത്. മാത്രമല്ല ആഗോള അംഗീകാരം നേടുകയും ചെയ്തു.  'ഇന്ത്യയുടെ അത്ഭുത തുറമുഖം' എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞം, രാജ്യത്തെ ഏറ്റവും നൂതനമായ ആഴക്കടല്‍ തുറമുഖങ്ങളില്‍ ഒന്നായി അതിവേഗം ഉയര്‍ന്നു.

ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മറ്റൊരു തുറമുഖങ്ങള്‍ക്കും ഇല്ലാത്ത പ്രവര്‍ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ 1 ദശലക്ഷം എസ്എന്‍സിബിപി  കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം മാറി.  പ്രവര്‍ത്തനം ആരംഭിച്ച് 10 മാസത്തിനുള്ളില്‍ 1 ദശലക്ഷം എസ്എന്‍സിബിപി വാര്‍ഷിക ശേഷി മറികടന്നു. 2024 ഡിസംബര്‍ 3 നും 2025 ഡിസംബര്‍ 3 നും ഇടയില്‍ 399+ മീറ്റര്‍ നീളമുള്ള 41 അള്‍ട്രാ-ലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലുകള്‍കൈകാര്യം ചെയ്തു - ഏതൊരു ഇന്ത്യന്‍ തുറമുഖത്തേക്കാള്‍ ഏറ്റവും ഉയര്‍ന്നതാണിത്. 

300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകള്‍ കൈകാര്യം ചെയ്തു, ലോകത്തിലെ വലിയ കാരിയറുകളെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വിഴിഞ്ഞം തെളിയിച്ചു. 16 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ഡ്രാഫ്റ്റുകളുമായി 45 കപ്പലുകള്‍ എത്തി. ഇത് സ്വാഭാവിക ആഴത്തിന്റെ നേട്ടത്തെ ശക്തിപ്പെടുത്തി. 17.1 മീറ്റര്‍ അറൈവല്‍ ഡ്രാഫ്റ്റുള്ള എംഎസ്സി വെറോണ, ദക്ഷിണേഷ്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും ആഴമേറിയ ഡ്രാഫ്റ്റ് കപ്പലായി മാറി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറിന, എന്നിവ വിഴിഞ്ഞത്ത് എത്തി.

ഉയര്‍ന്ന കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമാണ് വിഴിഞ്ഞം. വനിതാ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരെ വിന്യസിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ തുറമുഖവും വിഴിഞ്ഞമാണ്. 3 കിലോമീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവും 125 മീറ്റര്‍ വീതിയുമുള്ള ബ്രേക്ക് വാട്ടര്‍ സംവിധാനമാണ് വിഴിഞ്ഞത്തുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രേക്ക് വാട്ടര്‍ സംവിധാനമാണിത്.  18-20 മീറ്റര്‍ സ്വാഭാവിക ആഴം, വലിയ ഡ്രെഡ്ജിംഗ് ഇല്ലാതെ യുഎല്‍സിവികളുടെ തടസ്സമില്ലാത്ത ബെര്‍ത്തിംഗ് സാധ്യമാക്കുന്നു. 

കിഴക്ക്-പടിഞ്ഞാറന്‍ പ്രധാന കപ്പല്‍ പാതകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ഇന്ത്യയുടെ മുന്‍നിര ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കേന്ദ്രമായി വളര്‍ന്നുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള അതിന്റെ സമാനതകളില്ലാത്ത കഴിവ് ആഗോള ലോജിസ്റ്റിക്‌സിലും സമുദ്ര വ്യാപാരത്തിലും ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. വിഴിഞ്ഞത്തിന്റെ അസാധാരണമായ ആദ്യ വര്‍ഷം തുറമുഖത്തിന്റെ ആഗോള നില ഉയര്‍ത്തുക മാത്രമല്ല, അന്താരാഷ്ട്ര ഷിപ്പിംഗില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വിതരണ ശൃംഖല മത്സരക്ഷമതയ്ക്കും പുതിയ അവസരങ്ങളാണ് ഇതിലൂടെ തുറക്കുന്നത്. 

വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ചുള്ള റോഡ്, റെയില്‍ കണക്റ്റിവിറ്റി ഉടന്‍തന്നെ നിര്‍മാണം ആരംഭിക്കും. ഭൂഗര്‍ഭ റെയില്‍പ്പാതയാണ് വിഴിഞ്ഞത്തേക്ക് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വെയ്ക്കാണ് ഇതിന്റെ നിര്‍മാണച്ചുമതല. വിഴിഞ്ഞത്തു നിന്നും ബാലരാമപുരത്തേക്കാണ് റെയില്‍പ്പാത വരുന്നത്. ഭൂമിക്കടിയിലൂടെയാണ് പാത എന്നതിനാല്‍ സ്ഥലമേറ്റെടുപ്പ് കുറച്ചു മതിയാകും. റിംഗ് റോഡ് പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഗേറ്റ് വേ ചരക്കുനീക്കം കൂടി ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കും.

india kerala vizhinjam port Vizhinjam international seaport