/kalakaumudi/media/media_files/2025/02/20/1uspuOc3RFyThUZsa46Q.jpg)
വിഴിഞ്ഞം: പുറം കടലിലൂടെ പോയ കണ്ടെയ്‌നര്‍ കപ്പലില്‍നിന്നു വൈകിട്ടോടെ വിഴിഞ്ഞം തുറമുഖത്തേക്ക് അടിയന്തര വൈദ്യസഹായ സന്ദേശം. വിഴിഞ്ഞത്തെ മാരിടൈം ബോര്‍ഡ് തുറമുഖത്തെ ടഗ് ധ്വനി കടലിലേക്ക് കുതിച്ചു. കപ്പലിലെ ജീവനക്കാരന് കൈക്കു ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നായിരുന്നു സന്ദേശം.
കപ്പലിലെ ഫിറ്റര്‍ ജോലിക്കാരനായ ആന്ധ്ര സ്വദേശി അദ്ല കമലേശ്വര റാവുവിനെ (29) കരയിലെത്തിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കപ്പല്‍ യാത്ര തുടര്‍ന്നു. ഇടതു കൈത്തണ്ടയിലാണ് മുറിവ്. ഞരമ്പുകള്‍ മുറിഞ്ഞ് വലിയ തോതില്‍ രക്ത സ്രാവമുണ്ടായതോടെയാണ് കണ്ടെയ്‌നര്‍ കാരിയര്‍ എംവി സിഎംഎ സിജിഎം വേര്‍ദി അടുത്ത തുറമുഖമെന്ന നിലയ്ക്ക് വിഴിഞ്ഞം പുറം കടലിലേക്ക് മടങ്ങിയത്.
സിങ്കപ്പൂരില്‍ നിന്നു ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്തേക്കു പോവുകയാണ് കപ്പല്‍. വിഴിഞ്ഞം തുറമുഖ പര്‍സര്‍ എസ് വിനുലാല്‍, അസിസ്റ്റന്റ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം എസ് അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ടഗിനെ കടലിലേക്ക് അയയ്ച്ചു. രാത്രിയോടെ തുറമുഖത്തു കൊണ്ടുവന്ന ജീവനക്കാരനെ ഇമിഗ്രേഷന്‍ നടപടികള്‍ക്കുശേഷം ഉടന്‍ നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു. തലസ്ഥാനം കേന്ദ്രമായുള്ള ഗാങ്വേ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മുഖാന്തിരമായിരുന്നു ഏജന്‍സി നടപടികള്‍.