/kalakaumudi/media/media_files/2025/02/14/PSpucAlNUmf0g0ERJHD5.jpg)
Rep. Img.
വിഴിഞ്ഞം: വിഴിഞ്ഞത്ത് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് നടന്ന പ്രതിഷേധങ്ങളത്രയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പദ്ധതി യാഥാര്‍ത്ഥ്യമായെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകലാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരമാവുകയായിരുന്നു.
മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി തടയുന്നതിനു വിദഗ്ധ സംഘം നിര്‍ദേശിച്ച പദ്ധതി വൈകാതെ സാധ്യമാകും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി വിദഗ്ധ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പ്രധാന പുലിമുട്ടായ സീവേര്‍ഡ് ബ്രേക് വാട്ടര്‍ നീളം കൂട്ടുന്നതാണ് പദ്ധതി.
പുതുക്കിയ പദ്ധതി രേഖയനുസരിച്ചു 45 ഡിഗ്രി ചരുവില്‍ 250 മീറ്റര്‍ ദൂരം പുലിമുട്ടു നിര്‍മിക്കുമെന്നു ചുമതലയുള്ള ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് (എച്ച്ഇഡി) അധികൃതര്‍ അറിയിച്ചു. കാലവര്‍ഷത്തില്‍ മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി കാരണം വള്ളങ്ങള്‍ക്ക് ഹാര്‍ബര്‍ മൗത്ത് വഴി വന്നുപോകുന്നതിനു ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
വള്ളങ്ങള്‍മറിഞ്ഞും മറ്റും ഒട്ടേറെ അപകടങ്ങളും മുന്‍കാലത്തുണ്ടായി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസില്‍) നേതൃത്വത്തില്‍ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍ നേതൃത്വത്തില്‍ നടത്തിയ 8 മാസ പഠനത്തെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിനു പുലിമുട്ടിന്റെ നീളം കൂട്ടണമെന്ന നിര്‍ദേശം.
2 വര്‍ഷം മുന്‍പുണ്ടായ പദ്ധതി നിര്‍ദേശത്തിനു ഫണ്ട് അനുവദിക്കാത്തതു പദ്ധതി നടപ്പാകുന്നതിനു തടസ്സമാകുന്നു എന്നു മനോരമ വാര്‍ത്ത നല്‍കിയിരുന്നു. എച്ച്ഇഡി സമര്‍പ്പിച്ച 110 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഉന്നത ഉദ്യോഗസ്ഥ സംഘം വിഴിഞ്ഞത്ത് എത്തിയത്.
എച്ച്ഇഡി ചീഫ് എന്‍ജിനീയര്‍ എം.എ. മുഹമ്മദ് അന്‍സാരി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കുഞ്ഞിമമ്മു പര്‍വത്ത്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയത്. വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് ബെര്‍ത്തു നിര്‍മാണ പുരോഗതിയും സംഘം വിലയിരുത്തി.ഈ മാസം പൂര്‍ത്തീകരിക്കാനാവും വിധമാണ് ജോലികള്‍ പുരോഗമിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.