വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ 12ന്

ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി  വിഴിഞ്ഞത്ത് ഇറക്കും.

author-image
Prana
New Update
vi
Listen to this article
0.75x1x1.5x
00:00/ 00:00

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതായും ട്രയല്‍ ഓപ്പറേഷന്‍ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്നര്‍ കപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നര്‍ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി  വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.