വി എസ് പ്രതിസന്ധിയില്‍ പതറാതെ പാര്‍ട്ടിയെ നയിച്ച നേതാവ്: പിണറായി

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേര്‍ന്നതാണ് ആ ജീവിതം. അമേരിക്കന്‍ മോഡല്‍ എന്ന പേരില്‍ രാജഭരണം നിലനിര്‍ത്താന്‍ സര്‍ സിപി നടപടിയെടുത്തപ്പോള്‍ 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നു പറഞ്ഞ പുന്നപ്ര വയലാര്‍ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വിഎസിന്റെ ജീവിതം

author-image
Biju
New Update
PINARA

ആലപ്പുഴ: സിപിഎമ്മിനു മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാലഘട്ടത്തിലെ ജനാധിപത്യശക്തികള്‍ക്കും വലിയ നഷ്ടമാണ് വി.എസ്.അച്യുതാനന്ദന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം നടന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച മഹാരഥന്‍മാരില്‍ ഒരാളാണ് വിഎസ് എന്ന് പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേര്‍ന്നതാണ് ആ ജീവിതം. അമേരിക്കന്‍ മോഡല്‍ എന്ന പേരില്‍ രാജഭരണം നിലനിര്‍ത്താന്‍ സര്‍ സിപി നടപടിയെടുത്തപ്പോള്‍ 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നു പറഞ്ഞ പുന്നപ്ര വയലാര്‍ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വിഎസിന്റെ ജീവിതം. കേരളത്തിലെ തൊഴിലാളി സംഘടനയും കര്‍ഷക പ്രസ്ഥാനവും ശക്തിപ്പെടുത്താന്‍ പോരാടിയ നേതാവാണ് അദ്ദേഹം.

കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പോയ വിഎസ്, പി. കൃഷ്ണപിള്ളയുടെ നിര്‍ദേശം മനോഹരമായി നടപ്പാക്കി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സിപിഎമ്മിലും കണ്ട സംഘാടന രീതി ഈ അടിത്തറയില്‍ നിന്നാണ് വിഎസിന് ലഭിച്ചത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് വിഎസ് നല്‍കിയത്. ജാതിമത ശക്തികളുടെ ഇടപെടലിനെതിരെ നിരന്തരം പോരാടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വര്‍ഗ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വിഎസ് ശ്രമിച്ചിരുന്നു.

കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം നമ്മുടെ നാടിന്റെ മാറ്റത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാന പങ്കുവഹിച്ചപ്പോള്‍ ആ ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ വിഎസിനായി. നിയമസഭയിലടക്കം വ്യത്യസ്തമായ പാര്‍ലമെന്ററി ചുമതലകള്‍ അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വലിയ തോതില്‍ സമൂഹം ശ്രദ്ധിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ പതറാത്ത നിലപാടുകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നു.

പ്രതിസന്ധിയില്‍ പതറാതെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവായിരുന്നു വിഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മികവാര്‍ന്ന സംഘാടകന്‍ എന്ന നിലയിലാണ് കേരളത്തില്‍ വിഎസ് പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായി എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

v s achuthanandan