/kalakaumudi/media/media_files/2026/02/05/vs-arun-2026-02-05-22-45-35.jpg)
തിരുവനന്തപുരം: പദ്മവിഭൂഷണ്‍ പുരസ്‌കാരത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കുടുംബം പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് അദ്ദേഹത്തിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അരുണ്‍കുമാര്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
''ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ 'പദ്മവിഭൂഷണ്‍' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി''- വി.എ. അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി.എസ്സിനെ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചതില്‍ കുടുംബം അതീവ സന്തുഷ്ടരാണെന്ന് നേരത്തേ വി.എ. അരുണ്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും അദ്ദേഹം വ്യക്തമായിരുന്നു.
അതേസമയം, നേരത്തെ സിപിഎം നേതാക്കളായ ഇം.എം.എസ്. നമ്പൂതിരിപ്പാടും ബുദ്ധദേവ് ഭട്ടാചാര്യയും തങ്ങള്‍ക്ക് ലഭിച്ച പദ്മ പുരസ്‌കാരങ്ങള്‍ നിരസിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വി.എസ്സിന് ലഭിച്ച പദ്മ പുരസ്‌കാരത്തില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യവുമുയര്‍ന്നു. ഇതിനിടെ, വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പദ്മവിഭൂഷണ്‍ നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ലെന്നും എന്നാല്‍, പുരസ്‌കാരം കൈപ്പറ്റണോ എന്നത് കുടുംബം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, വി.എസിന് പദ്മ പുരസ്‌കാരം ലഭിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വാഗതംചെയ്തിരുന്നു. മുമ്പ് പാര്‍ട്ടി നേതാക്കള്‍ പുരസ്‌കാരം നിരസിച്ചത് അവരുടെ നിലപാടനുസരിച്ചാണെന്നും പുരസ്‌കാരത്തില്‍ വി.എസ്സിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കെല്ലാം ഇതില്‍ സന്തോഷമാണെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
