/kalakaumudi/media/media_files/2026/02/09/mavelikkara-2026-02-09-20-10-14.jpg)
മാവേലിക്കര: നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിക്കുപോകുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷിനും കൗണ്‍സിലര്‍മാര്‍ക്കും റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയത് പരിഭ്രാന്തി പടര്‍ത്തി. വി.വി.രാജേഷ് ട്രെയിനിലേക്ക് ഓടിക്കയറി. ചില കൗണ്‍സിലര്‍മാര്‍ക്ക് തിരക്കിനിടെ കയറാനായില്ല. ഒടുവില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ട്രെയിന്‍ നിര്‍ത്തി കൗണ്‍സിലര്‍മാരെ കയറ്റിയശേഷം യാത്ര തുടര്‍ന്നു.
ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ആരതി ഉഴിഞ്ഞായിരുന്നു സ്വീകരണം. പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടുന്നതിനിടെ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനാകാതെ ജനപ്രതിനിധികള്‍ കുടുങ്ങി. മേയര്‍ വി.വി.രാജേഷ് ഒരുവിധത്തില്‍ ട്രെയിനില്‍ ഓടിക്കയറി. ചില ജനപ്രതിനിധികള്‍ക്ക് ട്രെയിനില്‍ കയറാനായില്ല. പിന്നീട് ട്രെയിന്‍ നിര്‍ത്തിയതോടെ എല്ലാവരും ട്രെയിനില്‍ കയറി യാത്ര തുടര്‍ന്നു.
നഗരസഭയിലെ 50 ബിജെപി കൗണ്‍സിലര്‍മാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. കേരള എക്‌സ്പ്രസിലാണ് യാത്ര. ബിജെപിക്ക് പിന്തുണ നല്‍കുന്ന നഗരാസൂത്രണ സ്ഥിര സമിതി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ യാത്രയിലില്ല. വിവിധ റെയില്‍വേ സ്റ്റേഷനില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കും. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, നിതിന്‍ ഗഡ്കരി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരെയും സന്ദര്‍ശിക്കും. 13നാണ് മടക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
