/kalakaumudi/media/media_files/2025/12/22/walayar-2025-12-22-08-04-35.jpg)
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആര്‍.ഡി.ഒയും തൃശൂര്‍ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തില്‍ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, ഇന്ന് മന്ത്രിയുമായി ചര്‍ച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് കുടുംബം പിന്മാറിയത്. ഇവര്‍ മുന്നോട്ട് വെച്ച മറ്റെല്ലാ ആവശ്യങ്ങളിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തീരുമാനങ്ങള്‍
കൊലപാതക കേസ് അന്വേഷിക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.കേസില്‍ ആള്‍ക്കൂട്ട കൊലപാതകം , പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ കളക്ടറുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.
കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി.നേരത്തെ, ധനസഹായം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ ധാരണയാകാത്തതിനെത്തുടര്‍ന്ന് കുടുംബം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്‍പില്‍ പ്രതിഷേധം തുടര്‍ന്നിരുന്നു.
എന്നാല്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ നല്‍കിയ ഉറപ്പിന്മേല്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേരും. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍. അതുവരെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കും.
കേസില്‍ അഞ്ച് പേര്‍ പിടിയില്‍
അഞ്ച് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ 15 പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.എന്നാല്‍ ദൃശ്യങ്ങളിലുള്ള പലരും നിലവില്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
കേസില്‍ പൊലീസ് സംശയിക്കുന്ന സ്ത്രീകള്‍ക്ക് മര്‍ദനത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
