വാളയാര്‍ ആള്‍ക്കൂട്ടക്കൊല; ഏഴാം ദിവസം എസ്സി-എസ്ടി വകുപ്പുകള്‍ ചുമത്തി പൊലീസ്

പട്ടാപ്പകല്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകള്‍ ചുമത്താത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം

author-image
Biju
New Update
wala2

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ ഏഴാം ദിവസം ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്. എസ്‌സി - എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

പട്ടാപ്പകല്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകള്‍ ചുമത്താത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി - എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ പൊലീസിന് തുടക്കത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ പിടികൂടുന്ന നടപടികളിലേക്ക് ആദ്യ രണ്ട് ദിവസം പൊലീസ് കടന്നില്ല.

കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

റിമാന്‍ഡിലുള്ള അഞ്ച് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. അതേസമയം, രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖംരേഖപ്പെടുത്തി. രാം നാരായണന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കും.