ബോബി ചെമ്മണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്രതാരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പോലീസ് ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.