മഴക്കാല തയ്യാറെടുപ്പിൽ വയനാടിനെ മറ്റ് സംസ്ഥാനങ്ങൾക്ക് വരെ മാതൃകയാക്കാം; പ്രിയങ്ക ഗാന്ധി എംപി

ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട് ജില്ല മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. ഇത്തവണ മഴക്കാല അപകടങ്ങളിൽ ഒരു ജീവൻ പോലും നഷ്ടപ്പെടാത്തതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു

author-image
Devina
New Update
priya

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോര്‍ഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു പ്രിയങ്ക. കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങൾ നേരിടുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് വയനാട്ടിൽ നിന്ന് പഠിക്കാനുണ്ട്. ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും എംപി അഭിനന്ദിച്ചു.

ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി.

 പട്ടികവര്‍ഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകൽപന ചെയ്യണമെന്ന് എംപി നിര്‍ദേശം നൽകി.

 വിവിധ പദ്ധതികളിൽ കേന്ദ്ര ഫണ്ട് ലഭ്യമാവാത്തതു മൂലമുള്ള പ്രതിസന്ധി ഉദ്യോഗസ്ഥര്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി.

 ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന് മുന്നിൽ ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു. ജനങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച പരാതികൾ എംപി ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ഉന്നയിച്ചു.

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, മനുഷ്യ- വന്യമൃഗ സംഘര്‍ഷം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരിയുമായും ചര്‍ച്ച ചെയ്തെന്ന് എംപി അറിയിച്ചു.

 പ്രദേശവാസികളുടെ അഭിപ്രായം പരിഗണിച്ച് ചൂരൽമലയിലെ ബെയിലി പാലത്തിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ എംപി സന്തോഷം രേഖപ്പെടുത്തി.

 ദേശസാൽകൃത ബാങ്കുകളിൽ ദുരന്തബാധിതരുടെ ലോൺ എഴുതിത്തള്ളുന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ചു.