കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായ 32 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. കുട്ടികളും മുതിര്‍ന്നവരും അടക്കമാണ് പട്ടികയിലുള്ളത്. 14 ദിവസം മാത്രം പ്രായമുള്ള ആദം സയാനില്‍ തുടങ്ങുന്നതാണ് പട്ടിക. 12 വയസ്സ് മുതല്‍ താഴോട്ടുള്ള എട്ടു കുട്ടികളെയാണ് കാണാതായത്. ഇതില്‍ 5 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളുമാണ്. 13 പുരുഷന്‍മാരെയും 11 സ്ത്രീകളെയും കാണാതായി. ഒഡിഷ സ്വദേശിയായ ഡോക്ടര്‍ സ്വധീന്‍ പാണ്ടെ ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാനക്കാരുണ്ട്. രണ്ടു പേര്‍ ബിഹാര്‍ സ്വദേശികളാണ്. രണ്ടു പേര്‍ മേപ്പാടി തൃക്കൈപ്പറ്റ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ദുരന്തമേഖലയായ ചൂരല്‍മല, മുണ്ടക്കൈ സ്വദേശികളാണ്. കാണാതായവരില്‍ ഏറ്റവും പ്രായം കൂടിയ പാത്തുമ്മയ്ക്ക് 80 വയസ്സുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറു മാസം തികയാന്‍ എട്ടു ദിവസം മാത്രം ശേഷിക്കെയാണ് കാണാതായവരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരിച്ച 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെയാണ് തിരിച്ചറിഞ്ഞത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരിമല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ പട്ടികയാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.
വയനാട് ദുരന്തത്തില്‍ കാണാതായ 32 പേരുടെ പട്ടിക പുറത്തുവിട്ടു
14 ദിവസം മാത്രം പ്രായമുള്ള ആദം സയാനില്‍ തുടങ്ങുന്നതാണ് പട്ടിക. 12 വയസ്സ് മുതല്‍ താഴോട്ടുള്ള എട്ടു കുട്ടികളെയാണ് കാണാതായത്.
New Update