/kalakaumudi/media/media_files/2025/01/26/gl815ERFFEqEwYC87EHJ.jpg)
DFO Wayanad
മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താന്‍ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്.
കടുവ ദൗത്യത്തിലെ ഇന്നത്തെ നടപടികള്‍ വിശദീകരിക്കുന്നിടയിലാണ് പൊലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരോട് കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് മാനന്തവാടി എസ് എച്ച് ഓ അഗസ്റ്റിന്‍ സ്ഥലത്തെത്തി ക്യാമറക്ക മുന്നില്‍ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ പൊലീസും വിശദീകരണം നല്‍കിയിട്ടില്ല.
കടുവയെ കണ്ടെത്താന്‍ തെര്‍മ്മല്‍ ക്യാമറ കൂടി ഉപയോഗിക്കും
കടുവ ഉണ്ടാകാന്‍ സാധ്യതയുള്ള ഏരിയ മാര്‍ക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചു. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് ഡിഎഫ്ഒ. മാര്‍ക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താന്‍ തെര്‍മ്മല്‍ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയില്‍ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവില്‍ കടുവയുണ്ടെങ്കിലും തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നും വിശദീകരിച്ചു.
3 വെറ്റിനറി ഡോക്ടര്‍മാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകള്‍ തെരച്ചിലിന് ഇറങ്ങി.ഡോ. അരുണ്‍ സക്കറിയ, ഡോ.അജേഷ് മോഹന്‍ ദാസ്, ഡോ. ഇല്യാസ് എന്നിവര്‍ ഡാര്‍ട്ടിങ് ടീമിനെ നയിക്കും. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങള്‍ സംഘത്തിലുണ്ടാകും. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചില്‍. കടുവയെ സ്‌പോട് ചെയ്താല്‍ ഏറ്റവും അടുത്തുള്ള ദര്‍ട്ടിങ് ടീമിനെ അറിയിക്കും.
കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു
മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്ഓയെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. എസ് എച്ച് ഓ നിയമം കൈയിലെടുക്കുകയാണ്. കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് നടത്തുന്ന പദ്ധതികള്‍ വിശദീകരിക്കുമ്പോഴാണ് ഡി എഫ് ഓ യെ തടഞ്ഞത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെയുഡബ്ല്യൂജെ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു.