മാനന്തവാടി: കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് തിരിക്കും. തിരച്ചിലിന് പോകാനായി 12 അംഗ സംഘം സജ്ജമാണ്. അപകടം പിടിച്ച വനമേഖലയിലാവും തിരച്ചിൽ നടത്തുക. ഹെലികോപ്റ്ററിൽ നിന്നും റോപ്പ് വഴി വനമേഖലയിൽ ഇറങ്ങും. ചുരുങ്ങിയത് ആറ് മണിക്കൂർ തിരച്ചിൽ നടത്താനാണ് നീക്കം. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിരുന്നു.
സൺറൈസ് വാലിയിൽ രൂപപ്പെട്ട തുരുത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. മുൻപ് സൺറൈസ് വാലിയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിന് പിന്നാലെ മൃഗങ്ങൾ മീൻമുട്ടിയിലേക്ക് രക്ഷപ്പെട്ടു. കരടിയും പുലിയും കടുവയുമൊക്കെ ഉണ്ടായിരുന്നയിടത്ത് ഉരുൾ പൊട്ടലിനു ശേഷം ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, പുനഃരധിവാസത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരിതബാധിതരുടെ പുനഃരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.