വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായിട്ടുള്ളവരുടെ പട്ടിക തയാറായി. ശാസ്ത്രീയ മാർഗങ്ങളിലൂടെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തിയ മൂന്ന് നാൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ദുരന്തമുണ്ടായി രണ്ടാഴ്ചയോടടുക്കുമ്പോൾ പട്ടിക തയാറായത്. 90 – 95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവിൽ പുറത്തിറക്കിയതെന്ന് അസിസ്റ്റൻറ് കളക്ടർ ഗൗതം രാജ് പറഞ്ഞു.
ഒരു പ്രദേശമാകെ ഉരുളെടുത്ത ദുരന്തത്തിൽ കാണാതായവർ ആരൊക്കെയെന്ന് മനസിലാക്കുക രക്ഷാദൗത്യത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു. ഊഹാപോഹങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക ഉണ്ടാക്കുകയെന്ന വലിയ ലക്ഷ്യമാണ് പൂർത്തിയാക്കിയത്. പഞ്ചായത്തും സ്‌കൂളും തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും അങ്കണവാടി പ്രവർത്തകരും ആശാ വർക്കർമാരും ജനപ്രതിനിധികളും ഇതിനായി കൈകോർത്തു. പല രേഖകൾ ക്രോഡീകരിച്ചു. പേരുകൾ വെട്ടി, ചിലത് കൂട്ടിച്ചേർത്തു. കഠിന പ്രവർത്തനത്തിനൊടുവിലാണ് കാണാതായവരുടെ കരട് പട്ടിക തയാറാക്കാനായത്.
ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും വഴിത്തിരിവാകും ഈ പട്ടിക. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവിൽ 130 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഡിഎൻഎ സാമ്പിൾ പരിശോധനാ ഫലം വരുമ്പോൾ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയിൽ നിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും. പൊതുജനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്ന സാഹചര്യത്തിലും കരട് പട്ടികയിൽ കൂട്ടി ചേർക്കലും കുറയ്ക്കലുകളും നടക്കുന്നുണ്ട്.
അസിസ്റ്റന്റ് കലക്ടർ എസ് ഗൗതം രാജിന്റെ നേതൃത്വത്തിലാണ് അതിവേഗം പട്ടിക തയാറായത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ റേഷൻ കാർഡ് വിവരങ്ങൾ ആദ്യം ശേഖരിച്ചു. വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മുണ്ടക്കൈ ജിഎൽപി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും ഐസിഡിഎസിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ ലഭ്യമാക്കി. ലേബർ ഓഫീസിൽ നിന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ രേഖ ശേഖരിച്ചു. ഇതെല്ലാം കൂടി അടിസ്ഥാന രേഖയായെടുത്തായിരുന്നു പട്ടിക തയ്യാറാക്കൽ.
ഈ പട്ടികയിൽ നിന്ന് ക്യാമ്പിലേക്ക് മാറിയവരുടെ വിവരങ്ങൾ ഒഴിവാക്കി. ആരോഗ്യ വകുപ്പിൽ നിന്നും പൊലീസിൽ നിന്നും മരണമടഞ്ഞവരുടെ വിവരങ്ങൾ ശേഖരിച്ച് അവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ബന്ധുവീടുകളിലും മറ്റും ഉള്ളവരുടെ വിവരങ്ങൾ ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും ആശ വർക്കർമാരും നൽകി. ഇതെല്ലാം ഒഴിവാക്കി കാണാതായവരുടെ ആദ്യ കരട് പട്ടിക തയ്യാറാക്കി. മുപ്പതോളം പേർ മൂന്ന് ദിവസം ഈ പ്രവർത്തനങ്ങളിൽ അക്ഷീണം കൈകോർത്തുനിന്നു.