ചാലിയാറില്‍ ഡ്രോണ്‍ സഹായത്തോടെ തിരച്ചില്‍; കുട്ടിയുടേതുൾപ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി

തണ്ടര്‍ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സന്നദ്ധസംഘടനകളും സംയുക്തമായി ഡ്രോണ്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. പല ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാണ്.

author-image
Vishnupriya
New Update
wayanad landslide 1
Listen to this article
0.75x1x1.5x
00:00/ 00:00

നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്കായി ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ പോത്തുകല്ല് ഭാഗത്തുനിന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. ഒരു കുട്ടിയുടേതെന്ന് കരുതുന്ന തലയും നെഞ്ചിന് മുകളിലേക്കുള്ള വേര്‍പെട്ട നിലയുള്ളഭാഗവും ഇതില്‍ ഉള്‍പ്പെടും. തണ്ടര്‍ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സന്നദ്ധസംഘടനകളും സംയുക്തമായി ഡ്രോണ്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. പല ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാണ്.

ചാലിയാറിലെ ശക്തിയേറിയ കുത്തൊഴുക്ക് രാവിലെ തിരച്ചിലിന് തിരിച്ചടിയായിരുന്നു. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് മൃതദേഹങ്ങള്‍ ഇവിടെനിന്ന് ലഭിച്ചിരുന്നു. പൂക്കോട്ടുകടവിലും മുണ്ടേരിയിലുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍നിന്ന് ഞായറാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ചൂരല്‍മല അങ്ങാടിയില്‍നിന്നാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ ഇതുവരെ 355 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 219 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

96 പുരുഷന്മാരും 87 സ്ത്രീകളും 36 കുട്ടികളും മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 171 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 154 ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടേതായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശനിയാഴ്ചവരെ ലഭിച്ചത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ്. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും മൂന്നു ആണ്‍കുട്ടികളുടെയും നാലു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ നിലമ്പൂരില്‍ ലഭിച്ചു. ശനിയാഴ്ച മാത്രം മൂന്നു മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും കണ്ടെടുത്തു.

Wayanad landslide Chaliyar River