/kalakaumudi/media/media_files/2025/02/17/8rF9X0LbRcC1WRPtDxqz.jpg)
തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിന്റെ വായ്പാ ഉപാധി മറികടക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൗണ്‍ഷിപ്പിനുള്ള ഭൂമിയുടെ വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് ഉത്തരവിറക്കാനാണ് തീരുമാനം. കേന്ദ്ര വായ്പാ വിനിയോഗ നടപടികള്‍ വിലയിരുത്താന്‍ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
ഇനി വൈകിയാല്‍ നേരം ഇല്ലെന്ന ധാരണയിലാണ് വയനാട് പുനരധിവാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എല്‍സ്റ്റോണ്‍ നെടുമ്പാല എസ്റ്റേറ്റുകളിലായി ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും.
ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയില്‍ തീരുമാനമാക്കി മാര്‍ച്ചില്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങള്‍ക്കും അടക്കം 16 പദ്ധതികള്‍ക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്.
529.50 കോടി രൂപ ചെലവഴിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമെ മുന്നിലുള്ളു എന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ പദ്ധതി തയ്യാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ രൂപരേഖയില്‍ അവലോകനത്തിനും സുപ്രധാന തീരുമാനങ്ങള്‍ക്കുമാണ് ഇന്ന് ഉന്നത തല യോഗം ചേരുന്നത്.
മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദുരന്ത നിവാരണ വകുപ്പ് മെന്പര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. ടൗണ്‍ഷിപ്പും അനുബന്ധ പദ്ധതികളും പണി ആരംഭിച്ച ശേഷം വായ്പാ തുക വിനിയോഗത്തില്‍ കേന്ദ്രത്തോട് സാവകാശം തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.