കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് - പ്രിലിമിനറി വര്‍ക്ക്സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ മലപ്പുറം എന്‍.എച്ച് 966 (ഗ്രീന്‍ഫീല്‍ഡ്) എല്‍.എ. ഡെപ്യൂട്ടി കളക്ടറാണ് ഡോ. ജെ.ഒ അരുണ്‍. ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28, സര്‍വ്വേ നമ്പര്‍ 366 ല്‍പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ലെ സര്‍വ്വേ നമ്പര്‍ 88/1ല്‍പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധവുമായി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും രംഗത്തുണ്ട്. വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍ വിവാദമായിരിക്കെയാണ് ദുരന്തബാധിതര്‍ പരസ്യ പ്രതിഷേധവും നടത്തിയത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.
വയനാട് പുനരധിവാസം; സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് സര്‍ക്കാര്‍
ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ മലപ്പുറം എന്‍.എച്ച് 966 (ഗ്രീന്‍ഫീല്‍ഡ്) എല്‍.എ. ഡെപ്യൂട്ടി കളക്ടറാണ് ഡോ. ജെ.ഒ അരുണ്‍
New Update