/kalakaumudi/media/media_files/2025/09/22/wayabnad-2025-09-22-18-52-54.jpg)
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച വീട് നിര്‍മ്മാണം നിയമക്കുരുക്കില്‍. മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച്, പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി.
പഞ്ചായത്ത് സെക്രട്ടറി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച ശേഷം, നിര്‍മ്മാണം തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് നാനൂറിലധികം വീടുകളും നിരവധി ജീവനുകളും നഷ്ടപ്പെടുത്തിയ ഈ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും കേരളത്തെ വേദനിപ്പിക്കുന്നു.
ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, സര്‍ക്കാര്‍ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനോടകം ഇരുപതോളം കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
എന്നാല്‍, വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ, യുവജന സംഘടനകളുടെ വാഗ്ദാനങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യമായി എന്ന ചോദ്യം ഉയരുന്നതിനിടെയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് മുന്നില്‍ പുതിയ തടസ്സം ഉയര്‍ന്നിരിക്കുന്നത്. നിയമനടപടികള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം തുടര്‍ന്നാല്‍, പദ്ധതി കൂടുതല്‍ വൈകാനിടയുണ്ടെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.