/kalakaumudi/media/media_files/Fy7GQ6VMMMYMi3BMi39b.jpeg)
മേപ്പാടി: ദുരന്തം അതിജീവിച്ച വയനാട് മേപ്പാടിയിലെ കുരുന്നുകൾ നാളെ മുതൽ വീണ്ടും സ്കൂളിലേക്ക്. ഉരുൾപൊട്ടലിൽ തകർന്നുപോയ മുണ്ടക്കൈ ജിഎൽപി സ്കൂൾ നാളെ മുതൽ മേപ്പാടി കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം തുടങ്ങും. ഒന്നിൽ നിന്നുള്ള തുടക്കം.
സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി കമ്യൂണിറ്റി ഹാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാത്രി തന്നെ ഹാളിന്റെ ഉൾഭാഗം മുഴുവൻ പെയിന്റടിച്ചു. ഞായറാഴ്ച രാവിലെ ശുചീകരണ പ്രവൃത്തികൾ തുടങ്ങിയിരുന്നു. പഞ്ചായത്തിന്റെ താത്കാലിക ജീവനക്കാരടക്കമെത്തി ഹാളിലെ സാധനങ്ങൾ മാറ്റി അടിച്ചുവാരി നിലം കഴുകി വൃത്തിയാക്കി. നഴ്സറി മുതൽ നാലാം ക്ലാസുവരെയായി 62 കുട്ടികളാണ് ഇനി മുണ്ടക്കൈ സ്കൂളിലുള്ളത്.
ദുരിതാശ്വാസ ക്യാംപായി പ്രവർത്തിച്ചിരുന്ന മേപ്പാടി സ്കൂളിലും ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കും. വെള്ളാർമല ജിഎച്ച്എസ്എസും ഇനി മുതൽ മേപ്പാടി സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. സെപ്റ്റംബർ രണ്ട് മുതലാണ് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത്. മേപ്പാടി സ്കൂളും ശനിയാഴ്ച തന്നെ സന്നദ്ധപ്രവർത്തകർ, സ്കൂൾ അധികൃതർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലായി 1,242 കുട്ടികളും ഹയർസെക്കൻഡറിയിൽ 640 കുട്ടികളുമാണ് മേപ്പാടി ജിഎച്ച്എസ്എസിൽ പഠിക്കുന്നത്.
മേപ്പാടി സ്കൂളിന്റെ കെട്ടിടത്തിലാണ് വെള്ളാർമല സ്കൂളും പ്രവർത്തിക്കുന്നതെങ്കിലും രണ്ട് സ്കൂളായായിരിക്കും പ്രവർത്തിക്കുക. മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ രണ്ടിന് പ്രത്യേകം പ്രവേശനോത്സവവും സംഘടിപ്പിക്കും. മൈതാനത്തോടുചേർന്ന കെട്ടിടത്തിലാണ് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കുക. വെള്ളാർമല സ്കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം മേപ്പാടി ജിഎച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗത്തിലും പ്രവർത്തിക്കും. സ്റ്റാഫ് റൂമുകളും പ്രത്യേകം തയാറാക്കും.വെള്ളാർമല സ്കൂളിൽ ഒന്നുമുതൽ ഹയർസെക്കൻഡറി വരെ 497 കുട്ടികളാണ് പഠിക്കുന്നത്. വെള്ളാർമല സ്കൂളിനായി നൽകുന്ന കെട്ടിടങ്ങളുടെ പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. ബെഞ്ചും ഡെസ്കുമുൾപ്പെടെയുള്ള ഫർണിച്ചറുകൾ ഈ ആഴ്ച തന്നെ എത്തിച്ച് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാനാണു നീക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
