തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ അഞ്ച് സെന്റിലായിരിക്കും വീട് നിര്‍മ്മാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയില്‍ മുകളില്‍ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു.അങ്കണവാടി, സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ്, പാര്‍ക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. 2024 ന്റെ ദുഃഖമായിരുന്നു വയനാട്. സമാനതകളില്ലാത്ത ദുരന്തം ആണ് ഉണ്ടായത്. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത്. സമഗ്രവും സുതാര്യവുമായ സംവിധാനം നടപ്പാക്കും. സമയബന്ധിതമായി പദ്ധതി നടപ്പാക്കല്‍ ഉറപ്പാക്കും. വീട് വച്ച് നല്‍കല്‍ മാത്രമല്ല, ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5, ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്- പത്ത് സെന്റുകള്‍ തീരുമാനിച്ചത്. ജനുവരി 25 ന് അകം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇറക്കും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. നിര്‍മ്മാണ ഏജന്‍സി കിഫ്‌കോണ്‍ ആണ്. നിര്‍മ്മാണ കരാര്‍ നാമനിര്‍ദ്ദേശം ഊരാളുങ്കലിന് നല്‍കും. മേല്‍നോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിര്‍മ്മാണ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷതയിലുള്ള സമിതി, കളക്ടറുടെ നേതൃത്വത്തില്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നിവയാണവ. പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും. 38 സ്‌പോണ്‍സര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. പുനരധിവാസത്തിന് സ്‌പെഷല്‍ ഓഫീസറെ നിയമിക്കും. കേന്ദ്രത്തിന്റെ എല്‍3 പ്രഖ്യാപന കത്തില്‍ സഹായത്തെ കുറിച്ച് പരാമര്‍ശം ഇല്ല. വീട് തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവര്‍ക്കും പുനരധിവാസം ഒരുമിച്ചായിരിക്കും നല്‍കുക. കൂടുതല്‍ വീടുകള്‍ വേണ്ടി വരും. വീടിന്റെ ഉടമസ്ഥത ഗുണഭോക്താക്കള്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ കൈമാറ്റത്തിന് ചെറിയ നിബന്ധനകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.