/kalakaumudi/media/media_files/2024/11/22/465JW8QoVRSK2snxuTbl.jpg)
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തി. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പ്രകാരം വീടുനിർമാണത്തിന് 22 പേരിൽ നിന്ന് മാത്രമാണ് സമ്മതപത്രം ലഭിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ ഒരാൾ മാത്രം തയ്യാറായി. ഭൂരിഭാഗം ദുരന്തബാധിതരും നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ്.പുനരധിവാസത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇവിടെ 1000 ചതുരശ്ര അടിയുള്ള വീടുകൾ നൽകുകയോ അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്കായി പുനരധിവാസ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കളക്ടർ നേരിട്ട് ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു. 300 രൂപ ദുരിതാശ്വാസ സഹായം നിലച്ചു പോയതിൽ പ്രതിഷേധം
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം ആദ്യ മൂന്ന് മാസം മാത്രം ലഭിച്ചു. കഴിഞ്ഞ നാലുമാസമായി ഈ സഹായം ലഭ്യമാകാത്തതോടെ ദുരിതബാധിതർ പ്രതിഷേധം അറിയിച്ചു. സമർപ്പിച്ച അപേക്ഷ പ്രകാരം ഈ സഹായം 9 മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതിനാവശ്യമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
