/kalakaumudi/media/media_files/2025/01/24/QZdgNtNcyIdTj4diAAQ5.jpg)
Wayand
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചത് പുറം ലോകമറിഞ്ഞത് മാവോയിസ്റ്റുകളെ പിടിക്കാന്‍ പോയ സംഘം പാതി കടിച്ചുകീറിയ മൃതദേഹം കണ്ടെത്തിയതുകൊണ്ടാണ്. രണ്ടുകിലോമീറ്ററോളം ഉള്‍ക്കാട്ടിലേക്ക് കടുവ കൊണ്ടുപോയ ധന്യയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ തണ്ടര്‍ ബോള്‍ട്ട് സംഘം കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അതും കാണാമറയത്തായേനെ.
വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചത്. അടുത്ത കാലത്തായി അല്ലെങ്കില്‍ കേരള ചരിത്രത്തില്‍ 2 പേരെയാണ് കടുവ കടിച്ചുകീറിയിരിക്കുന്നത്.
രാധയ്ക്ക് മുമ്പ് തോസലായിരുന്നു ഇര. 2023ല്‍ ആണ് ആദ്യ സംഭവം ഉണ്ടാകുന്നത്. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടായതെന്നത് ഭരണസംവിധാനത്തെയും ചോദ്യം ചെയ്യുന്നുണ്ട്്. വന നിയമത്തിന്റെ പേരിലാണ് ഈ കൊലയ്ക്ക് കൂട്ടുനില്‍ക്കുന്നതെങ്കില്‍ ആ കൊലയ്ക്ക് മന്ത്രി തന്നെയാണ് ഉത്തരവാദിയെന്നാണ് ആരോപണം ഉയരുന്നത്. ഇവിടെ അദ്ദേഹത്തിന്റെ വകുപ്പില്‍പ്പെട്ട ഒരു ജീവനക്കാരന്റെ ഭാര്യയുടെ ജീവന്‍ തന്നെ നഷ്ടമായിരിക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവയുടെ ആക്രമണമുണ്ടായത്. പറമ്പില്‍ കൃഷിപ്പണിയിലേര്‍പ്പെട്ടിരുന്ന തോമസ് പള്ളിപ്പുറത്തിനെയാണ് കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചു. മുമ്പ് പലതവണ കടുവ ആക്രമണങ്ങള്‍ വയനാട്ടില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യനെ കടുവ ആക്രമിക്കുന്ന സംഭവം അന്ന് ആദ്യമായിട്ടായിരുന്നു. സമീപത്തെങ്ങും വനപ്രദേശമില്ലാത്തതിനാല്‍ കടുവ എങ്ങനെ ഇവിടെയെത്തി എന്നതില്‍ നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
90 ശതമാനത്തോളം കര്‍ഷകര്‍ താമസിക്കുന്ന പ്രദേശത്താണ് കടുവയുടെ ആക്രമണമുണ്ടായത്. കാപ്പി, കുരുമുളക്, കപ്പ, വാഴ തുടങ്ങിയവയുടെ വിളവെടുപ്പും പരിപാലനവുമൊക്കയായി മിക്കവരും കൃഷിയിടത്തിലിറങ്ങുന്ന സമയം കൂടിയാണിത്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാകാതെ വീടുകളില്‍ തങ്ങുകയാണിവര്‍. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വാര്‍ഡില്‍ 440 കുടുംബങ്ങളാണുള്ളത്. മൂന്ന് ആദിവാസി കോളനികളും തൊട്ടടുത്തുണ്ട്.
ഇത് നിലവിലെ സാഹചര്യം മാത്രം. എന്തുകൊണ്ട് ഈ ദുരന്തം സംഭവിക്കുന്നുവെന്ന് വനം മന്ത്രിയെങ്കിലും അറിയുന്നുണ്ടോ. കാരണം പരിശോധിച്ചാല്‍...
ബ്രിട്ടീഷുകാര്‍ തോട്ടങ്ങള്‍ പണിയാന്‍ തുടങ്ങിയപ്പോള്‍ മലമ്പനി പോലെ മറ്റൊരു പ്രശ്‌നമായി അവരുടെ മുന്നില്‍ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും. വേട്ട മൂലം ലോകത്തെങ്ങും കടുവകളുടെ എണ്ണം കുറഞ്ഞു വംശനാശത്തിന്റെ വക്കോളമെത്തിയിരുന്നു.
ഇവിടെയും അവയുടെ എണ്ണത്തില്‍ വന്‍ കുറവ് ആ കാലത്ത് ഉണ്ടായി. അതിനാല്‍ തന്നെ പത്തന്‍പത് വര്‍ഷം മുമ്പ് വളരെ അപൂര്‍വ്വമായി മാത്രമേ നമ്മുടെ നാട്ടിലുള്ളവര്‍ കടുവകളെ കണ്ടിട്ടുള്ളു. മൃഗശാലകളിലും സര്‍ക്കസിലും കണ്ട ഓര്‍മ്മ മാത്രമേ പലര്‍ക്കും ഉള്ളു. കടുവകളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ആരംഭിച്ച പ്രോജക്റ്റ് ടൈഗറിന്റെ പ്രവര്‍ത്തനത്തോടെയും മറ്റ് പല ഘടകങ്ങളാലും അവയുടെ എണ്ണം പതുക്കെ കൂടിക്കൊണ്ടിരുന്നു.
എങ്കിലും മനുഷ്യ വാസ സ്ഥലങ്ങളില്‍ പോയിട്ട് കാടുകളില്‍ തന്നെ അവയെ നേരിട്ട് കാണുക എന്നത് അത്യപൂര്‍വ്വം തന്നെയായിരുന്നു.
വേട്ടകള്‍ പൂര്‍ണമായി തടയാനായതും കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടപ്പില്‍ വരുത്തിയതും വനസംരക്ഷണവും കടുവകളുടെ എണ്ണം കേരളത്തില്‍ കൂട്ടി. കഴിഞ്ഞ കുറച്ച് കാലമായി കടുവകള്‍ നാട്ടിലിറങ്ങി സൈര്യ ജീവിതം തടസപ്പെടുത്തുന്ന സംഭവങ്ങള്‍ ഇടക്കിടെ സംഭവിക്കുകയാണ്. കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ലാതെ കിലോമീറ്ററുകള്‍ ദൂരേക്കും ഇവയുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന ആശങ്ക വളരെ കൂടുതലാണ്. ആടുമാടുകള്‍ മാത്രമല്ല മനുഷ്യരും കടുവകളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നു.
എന്തുകൊണ്ട് നാട്ടിലിറങ്ങുന്നു ?
എന്തുകൊണ്ട് കടുവകള്‍ നാട്ടിലിറങ്ങുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്.
അവയുടെ ടെറിട്ടോറിയല്‍ സ്വഭാവം ആണ് ഏറ്റവും പ്രധാനം. ഭക്ഷ്യ ശൃംഗലയുടെ ഏറ്റവും മുകള്‍ത്തട്ടിലുള്ള കടുവകളെ സംബന്ധിച്ച് ഭയപ്പെടാന്‍ ആരും ഇല്ല. ആരുടെയും സഹായം അതിജീവനത്തിന് ആവശ്യവും ഇല്ല. ഒറ്റക്ക് ഇരതേടി നടക്കുന്ന ഇവരുടെ മരണകാരണം പലപ്പോഴും മറ്റൊരു കടുവയുമായി ടെറിട്ടറി സമരത്തിലേറ്റ പരിക്കുകളോ വയറില്‍ ഉണ്ടാകുന്ന ചില രോഗങ്ങളോ മാത്രമാണ്.
ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദര്‍ബനിലെ കണ്ടല്‍ കാടുകളില്‍ പോലും കടുവകള്‍ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും ആനയേ വരെ ആക്രമിക്കും. സ്വന്തം വര്‍ഗ്ഗക്കാരെപ്പോലും തിന്നും. കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാന്‍ കഴിയുന്നവരാണ് കടുവകള്‍. മാര്‍ജ്ജാരകുലത്തില്‍ വലിപ്പത്തിലും കരുത്തിലും മേല്‍കൈ ഇവര്‍ക്കാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണമെങ്കിലും മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും.
മുള്ളമ്പന്നികളെവരെ തിന്നാന്‍ നോക്കി അബദ്ധത്തില്‍ പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികില്‍ നിന്നോ പിറകില്‍ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തില്‍ കടിച്ച് തെണ്ടക്കൊരള്‍ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പില്‍ 18 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയില്‍ 6-10 മൈല്‍ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കില്‍ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും. ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകള്‍ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാന്‍ സഹായിക്കുന്നവയാണ്.
Panthera tigris tigris എന്ന ബംഗാള്‍ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകള്‍ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാര്‍ക്കുകള്‍ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ക്യാമറ ട്രാക്കുകളില്‍ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളില്‍ നിന്നും ആവര്‍ത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകള്‍ തമ്മില്‍ വലിപ്പത്തില്‍ ഉള്ള വ്യത്യാസമല്ലാതെ സിംഹങ്ങളുടേത് പോലെ പെട്ടന്ന് തിരിച്ചറിയാനുള്ള ബാഹ്യ രൂപ പ്രത്യേകതകള്‍ ഒന്നും ഇല്ല. നൂറിലധികം വരകള്‍ ഉണ്ടാകും കടുവയുടെ ദേഹത്ത്.
ഈ കറുത്ത വരകള്‍ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നില്‍ക്കാനും ഇരകളുടെ കണ്ണില്‍ പെടാതെ കമോഫ്‌ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്. പാദങ്ങള്‍ക്കടിയില്‍ മൃദുവായ പാഡുകള്‍ ഉള്ളതിനാല്‍ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും. മുങ്കാലുകളിലെ പത്തി വളരെ വലുതും ശക്തിയുള്ളതും ആണ്.
അതുകൊണ്ടുള്ള ഒരടി മതി ഒരാളുടെ കഥകഴിയാന്‍. അല്ലെങ്കില്‍ എല്ലുകള്‍ തവിട്‌പൊടിയാകാന്‍. ആണിന്റേയും പെണ്ണിന്റേയും മുന്‍ കൈപ്പത്തിയ്ക്ക് വലിപ്പത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.
പൂച്ചകളേപ്പോലെ വെള്ളത്തില്‍ ഇറങ്ങാന്‍ മടിയുള്ളവരല്ല കടുവകള്‍. നല്ല നീന്തല്‍ക്കാരാണ്. രൂക്ഷഗന്ധമുള്ളതാണ് ഇവയുടെ മൂത്രം. സ്വന്തം ടെറിട്ടറിയിലേക്ക് മറ്റുള്ളവര്‍ അതിക്രമിച്ച് കടക്കുന്നത് തടയാന്‍ അടയാളമായാണ് ഇത് തൂവി വെക്കുന്നത്. കൂടെ മരങ്ങളില്‍ നഖങ്ങള്‍ കൊണ്ട് മാന്തി വെക്കുകയും ചെയ്യും.
നമുക്ക് കാഴ്ച സാദ്ധ്യമാകാന്‍ വേണ്ടുന്നതിന്റെ ആറിലൊരുഭാഗം പ്രകാശം മാത്രമുള്ളപ്പോള്‍ പോലും കടുവയ്ക്ക് വ്യക്തമായി കാണാന്‍ കഴിയും. അതിനാല്‍ രാത്രിയിലെ നിലാവെളിച്ചവും നക്ഷത്രത്തിളക്കവും തന്നെ മതി പലതും കാണാന്‍. കണ്ണിനും പിറകിലുള്ള ടപെറ്റം ലുസിഡം എന്ന ഭാഗം ഉള്ളില്‍ കയറിയ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നതിനാലാണ് രാത്രിക്കാഴ്ചകള്‍ സാദ്ധ്യമാകുന്നത്.
ഇവരുടെ കണ്ണിലേക്ക് പ്രകാശം രാത്രി നേരിട്ടടിച്ചാല്‍ തിളങ്ങുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. കണ്ണുകള്‍ തലയുടെ അരികുകളിലല്ലാതെ മുഖത്തിന്റെ മുന്നിലായാണുള്ളത്. അതിനാല്‍ കടുവകള്‍ക്കും മുന്നിലുള്ള ഇരയിലേക്കുള്ള ദൂരവും ഡെപ്തും കൃത്യമായും അറിയാനാകും.
ഒരു എക്കോ സിസ്റ്റത്തില്‍ ഇവരുടെ എണ്ണം കൃത്യമായിരിക്കണം അല്ലാതെ ഇവ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. കുളമ്പുകാരായ മേഞ്ഞു തിന്നുന്ന മൃഗങ്ങള്‍ പെരുകി ,എല്ലാ പച്ചപ്പും തിന്നുതീര്‍ത്ത് കാട് തരിശാകാതെ ബാക്കിയാകുന്നത് കടുവകളുള്ളതിനാലാണ്. കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നതാണ് നമ്മള്‍ അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രശ്‌നം.
വളരെ വലിയ പ്രദേശം ഓരോ കടുവയ്ക്കും സ്വന്തമായി വേണം. 75 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരെ ഒരോ ആണ്‍ കടുവയും സ്വന്തമായി കരുതി കാക്കും. ആഹാരം, വെള്ളം , ഒളിച്ച് കഴിയാനുള്ള സൗകര്യം ഇതൊക്കെ ആശ്രയിച്ച് ടെറിട്ടറി വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാവും. ഇഷ്ടം പോലെ തീറ്റയുണ്ടെങ്കില്‍ ടെറിട്ടറി വിസ്തീര്‍ണത്തില്‍ കുറവുണ്ടാകും. തീറ്റ കുറവാണെങ്കില്‍ വലുതാക്കുകയും ചെയ്യും. ഓരോ ആണ്‍ കടുവയുടെയും സാമ്രാജ്യത്തിലേക്ക് വേറെ ആണ്‍ കടുവ കയറിയാല്‍ പരസ്പരം പൊരുതും.
ആണ്‍ കടുവയുടെ ടെറിട്ടറിക്കുള്ളില്‍ ഒന്നിലധികം പെണ്‍ കടുവകള്‍ ഉണ്ടാകും. അവര്‍ക്കും പ്രത്യേകമായ ടെറിട്ടറികള്‍ കാണും. ഇണചേരല്‍ കാലത്ത് മാത്രമാണ് പെണ്‍ കടുവയ്ക്ക് ഒപ്പം ആണിനെ കാണുക. കുഞ്ഞുങ്ങള്‍ സ്വന്തമായി ആഹാരം തേടി തുടങ്ങും വരെ അമ്മയ്‌ക്കൊപ്പം ആണുണ്ടാകുക. എങ്കിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളില്‍ പകുതിയും അതിജീവിക്കാറില്ല. 2-3 വയസായാല്‍ കുഞ്ഞുങ്ങള്‍ അമ്മയെ വിട്ട് പുതിയ വേട്ടപ്രദേശങ്ങള്‍ തേടിപോകും.
അങ്ങിനെ വേറെ ആണ്‍ കടുവയുടെ മേഖലയില്‍ എത്തിയാല്‍ ചിലപ്പോള്‍ കഥകഴിഞ്ഞെന്നും വരും. ആണ്‍ കുഞ്ഞുങ്ങള്‍ കുറേക്കൂടി ദൂരം കടന്നുപോകുമെങ്കിലും പെണ്‍ മക്കള്‍ അടുത്ത പ്രദേശത്ത് തന്നെ കഴിയും. കുഞ്ഞുങ്ങള്‍ പിരിഞ്ഞാല്‍ വീണ്ടും പെണ്‍ കടുവ ഇണചേരലിനു ശ്രമിക്കും. പെണ്‍കടുവകള്‍ അതിനാല്‍ എല്ലാ വര്‍ഷവും പ്രസവിക്കില്ല. കാടിന്റെ വലിപ്പം കൂടാതെ കടുവകളുടെ എണ്ണം മാത്രം അനിയന്ത്രിതമായി കൂടിയാല്‍ അവ കാടിന് താങ്ങാനാവാതാവും.
പുതിയ സ്വന്തം ടെറിട്ടറികള്‍ പണിത് ഭക്ഷണം തേടാന്‍ പറ്റാത്ത പുതിയവരും പരിക്ക് പറ്റി സ്വന്തം ടെറിട്ടറിയില്‍ നിന്നും പുറത്താക്കപ്പെട്ടവരും കാടതിര്‍ത്തികളോട് ചേര്‍ന്ന് ജീവിക്കാനാരംഭിക്കും. അവിടെ എളുപ്പത്തില്‍ വളര്‍ത്തുമൃഗങ്ങളെയും കാട്ടുപന്നികളേയും തിന്നാന്‍ കിട്ടുന്നു എന്നതിനാലാണത്.
നമ്മുടെ കാടുകളില്‍ ഇപ്പോള്‍ ഉള്ള കടുവകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും അവ കാടുകളുടെ ശേഷിയിലും കൂടുതലാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയമായ വിലയിരുത്തലുകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്. കാടുകളോട് ചേര്‍ന്നുള്ള പല പ്രദേശങ്ങളിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ആനകളെ മതിലുകളും മറ്റും വെച്ച് തടയുന്നത് പോലും വളരെ വിഷമം പിടിച്ച കാര്യമായിരിക്കുമ്പോള്‍ കടുവകള്‍ നാടിറങ്ങുന്നത് തടയുക എന്നത് വേലികള്‍ കൊണ്ട് സാദ്ധ്യമല്ലല്ലോ.
നാട്ടിലിറങ്ങുന്ന കടുവകളെ , കെണി വെച്ചും മയക്കു വെടി വെച്ചും പിടിക്കുകയാണല്ലോ നമ്മള്‍ ചെയ്യുന്നത്. അങ്ങിനെ പിടികൂടിയ കടുവകളെ തിരിച്ച് ഇവിടുത്തെ കാട്ടില്‍ കൊണ്ട് വിടുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. വന്യജീവി സംരക്ഷണ നിയമങ്ങളിലെ സാങ്കേതികതമൂലം മൃഗശാലകള്‍ക്ക് കൈമാറുന്നതിനോ, ഇവയെ വനം വകുപ്പിന്റെ കീഴില്‍ തന്നെയോ സഫാരി പാര്‍ക്കുകകള്‍ നിര്‍മിച്ച് ആളുകള്‍ക്ക് സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ടൂറിസം സാദ്ധ്യകകള്‍ വര്‍ദ്ധിപ്പിക്കാനോ പറ്റുകയും ഇല്ല. ദീര്‍ഘകാലം മാംസം തല്‍കി ഇവരെ പോറ്റുക എന്നത് പക്ഷെ പ്രായോഗികവുമല്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിര പരിഹാര നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും തേടേണ്ടതാണ്.
എത്രയോ നാളുകളായി പലതര സമ്മര്‍ദ്ധങ്ങളിലൂടെയും അപകട സാദ്ധ്യതകളിലൂടെയും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് നമ്മുടെ വനം വകുപ്പിലെ അംഗങ്ങള്‍ . ഇനിയും കൂടുതല്‍ കടുവകളും ആനകളും നാടിറങ്ങിയാല്‍ അവരുടെ ഭാരം താങ്ങാനാവാത്ത വിധം വര്‍ദ്ധിക്കും.
മൃഗങ്ങളെ കണ്ടെത്തുക എന്നതും മയക്കു വെടി വെക്കുക എന്നതും അതീവ ശ്രദ്ധയും സൂഷ്മതയും ആവശ്യമാണല്ലോ. തൊട്ടടുത്ത് എത്തി മയക്കു വെടി വെക്കണം എന്നത് പലര്‍ക്കും ജീവാപായം അടക്കം വലിയ അപകട സാദ്ധ്യത ഉള്ളതാണ്. പൊതു ജനങ്ങള്‍ ഈ സമയങ്ങളില്‍ വലിയ ഉത്തരവാദിത്വ ബോധത്തോടെ സഹകരിക്കേണ്ടതുണ്ട്. കുറ്റപ്പെടുത്തലുകളും ബഹളം വെക്കലും കൊണ്ട് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടരുത്. മയക്കു വെടി സമയത്ത് തൊട്ടടുത്തൊന്നും ആള്‍ക്കൂട്ട ബഹളം ഇല്ലാതെ നോക്കണ്ടതാണ്.