/kalakaumudi/media/media_files/2025/02/12/DYtz5PezZR2irGOwsusH.jpg)
Rep. Img.
ബത്തേരി: വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവിയാക്രമണം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താലെന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
വനം മന്ത്രി രാജിവെയ്ക്കണം: താമരശ്ശേരി രൂപത ബിഷപ്പ്
കോട്ടയം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാനത്ത് തുടര്‍ച്ചായായി വന്യജീവി ആക്രമണത്തില്‍ കര്‍ഷകര്‍ മരിക്കുമ്പോള്‍ സര്‍ക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.
'ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കര്‍ഷകന് ജീവിക്കാനുള്ള അവകാശങ്ങള്‍ തമസ്‌ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കര്‍ഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും' കോട്ടയത്ത് നടക്കുന്ന ഇന്‍ഫാം അസംബ്ലിയില്‍ പ്രസംഗിക്കവെ താമരശ്ശേരി രൂപത ബിഷപ്പ് ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലിനുശേഷം ആളുകള്‍ ഒഴിഞ്ഞുപോയെങ്കിലും പലരുടെയും കൃഷിഭൂമിക്കു യാതൊരു കോട്ടവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഏലവും കാപ്പിയും കുരുമുളകും പതിവുപോലെ വിളയുന്നുണ്ട്. എന്നാല്‍ വന്യമൃഗങ്ങള്‍ പകല്‍ സമയത്തുപോലും എത്തുന്നതിനാല്‍ വിളവെടുക്കാന്‍ പോലും തോട്ടങ്ങളിലേക്കു പോകാനാകാത്ത സാഹചര്യമാണ്. ഉരുള്‍പൊട്ടലിനുശേഷം ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതാണു പ്രധാന പ്രശ്‌നം. തെരുവു വിളക്കുകളെങ്കിലും പുനഃസ്ഥാപിക്കണമെന്നു നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെ, വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.
രാവിലെയും വൈകിട്ടും കാട്ടാനക്കൂട്ടമിറങ്ങുന്നതിനാല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിലും പണിയെടുക്കാന്‍ തൊഴിലാളികള്‍ക്കു മടിയാണ്. ഉരുള്‍പൊട്ടലിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ പകുതി സ്ഥലത്തു മാത്രമേ ഇപ്പോള്‍ തേയില നുള്ളുന്നുള്ളൂ. തൊഴിലാളികളില്‍ പലരും മറ്റ് എസ്റ്റേറ്റുകളിലേക്കു മാറി.
മാറ്റിപ്പാര്‍പ്പിച്ചാലും സ്ഥലത്തിനുമേല്‍ നാട്ടുകാര്‍ക്കു ഉടമസ്ഥാവകാശം ഉണ്ടായിരിക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കൃഷിയുള്‍പ്പെടെ ചെയ്യാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോഴേക്കും ഇവിടേക്കു മനുഷ്യര്‍ക്കു ചെല്ലാന്‍ പറ്റാത്ത സ്ഥിതിയായി. വീട്ടിലേക്കു പോകുകയായിരുന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഉരുള്‍പൊട്ടലിനു മുന്‍പ് ഈ സ്ഥലങ്ങളില്‍ വല്ലപ്പോഴും മാത്രമാണു കാട്ടാനകള്‍ എത്തിയിരുന്നതെങ്കില്‍ ഇവിടമെല്ലാം ഇപ്പോള്‍ വന്യമൃഗങ്ങള്‍ കയ്യടക്കിക്കഴിഞ്ഞു.