/kalakaumudi/media/media_files/2025/02/27/sYJzAfNmVLUX1BVnl7UW.jpg)
തിരുവനന്തപുരം: വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകള്‍ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വന്യജീവി സംഘര്‍ഷം കൂടുതലുളള പഞ്ചായത്തുകളില്‍ / മുനിസിപ്പാലിറ്റികളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പ്രൈമറി റെസ്‌പോണ്‍സ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേര്‍ന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയില്‍ അതത് മേഖലയിലുള്ള എം.പി, എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വനം വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂം വഴി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ജില്ലാ കളക്ടര്‍, പോലീസ് മേധാവി, ഇതര വകുപ്പുകള്‍ തുടങ്ങിയവര്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ 4 സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മാര്‍ച്ച് 15നകം മുഴുവന്‍ സമിതികളും രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വന്യജീവി ആക്രമണം നേരിടാന്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ വെച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണം. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നത് പരിഗണിക്കും. ലൈഫ് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണം. വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണം.
അനധികൃത നൈറ്റ് സവാരി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. വനമേഖലയോട് ചേര്‍ന്ന ടൂറിസം കേന്ദ്രങ്ങളിലെ വഴിയോര വാണിഭം നിയന്ത്രിക്കണം. മാലിന്യ നിര്‍മ്മാര്‍ജനം ഉറപ്പാക്കണം. കനുകാലികളെ അപകട സാധ്യതയുള്ള വനത്തില്‍ മേയാന്‍ വിടുന്നതില്‍ ക്രമീകരണം ഉണ്ടാക്കണം. അടിക്കാടുകള്‍ നീക്കാന്‍ തോട്ടം മാനേജ്‌മെന്റുകള്‍ നടപടിയെടുക്കണം.
കാടിനകത്ത് വന്യമൃഗങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാന്‍ അടിയന്തര നടപടിയെടുക്കണം. ജല സംരക്ഷണത്തിനും മഴവെള്ള ശേഖരണത്തിനുമായി തടയണകള്‍, കുളങ്ങള്‍ തുടങ്ങിയ കൃത്രിമ ജലശേഖരണ സംവിധാനങ്ങള്‍ എന്നിവയൊരുക്കി വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കാട്ടിനകത്തെ ചതുപ്പ്, തുറസായ സ്ഥലം എന്നിവ വീണ്ടെടുക്കും. വന്യ ജീവികളെ കാട്ടിനകത്ത് നിര്‍ത്താനാവശ്യമായ നടപടികളാണ് ഏറ്റവും പ്രധാനം.
അധിനിവേശ സസ്യങ്ങളെയും വയല്‍ ആവാസവ്യവസ്ഥയെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കണം. അധിനിവേശ സസ്യങ്ങളെ പൂര്‍ണമായി നശിപ്പിക്കണം. ഒരേസമയം പൂക്കാത്ത വിവിധയിനം മുളകള്‍ വെച്ചുപിടിപ്പിക്കണം. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
28 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ 20 ആര്‍.ആര്‍.ടികളില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. അപ് ഗ്രഡേഷന്‍ വഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്‌നം പരിഹരിക്കും. വന മേഖലയിലെ ടൂറിസം സോണുകളില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഒരു അതോറിറ്റി /ബോര്‍ഡ്/ സൊസൈറ്റി സ്ഥാപിക്കും.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, വീണാ ജോര്‍ജ്, പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ, കെ ആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഫയര്‍ഫോഴ്‌സ് മേധാവി കെ പത്മകുമാര്‍, വനം വകുപ്പ് മേധാവി ഗംഗാ സിങ്ങ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷണന്‍, ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.