/kalakaumudi/media/media_files/2025/01/21/vTTBxBXmvQPTyZZjA6fj.jpg)
wayanad dcc
കല്‍പറ്റ: എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വയനാട് ഡിസിസി ഓഫിസില്‍ പൊലീസ് പരിശോധന. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെയും മുന്‍ ഡിസിസി ട്രഷറര്‍ കെ.കെ. ഗോപിനാഥനെയും ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് പൊലീസ് ഡിസിസി ഓഫിസില്‍ എത്തിയത്. എന്‍.ഡി. അപ്പച്ചനെയും ഡിസിസി ഓഫിസിലേക്ക് ഒപ്പം കൂട്ടിയിരുന്നു.
ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 20 മിനിറ്റോളം നേരം ഡിസിസി ഓഫിസില്‍ പരിശോധന നടത്തി. ഡിസിസി ഓഫിസിലെ മിനിട്‌സ് ബുക്ക് ഉള്‍പ്പെടെ പരിശോധിച്ചെന്നാണ് വിവരം.
തിങ്കളാഴ്ച കെ.കെ. ഗോപിനാഥന്റെ വീട്ടില്‍നിന്നു ചില രേഖകളും ഡയറികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുന്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.
23, 24, 25 തിയതികളില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.