/kalakaumudi/media/media_files/2025/01/27/ruYCKTTYfAeeEJcDhT0M.jpg)
wayanad
ബത്തേരി: പഞ്ചാരക്കൊല്ലിയില്‍ ചത്ത കടുവയുടെ ആമാശയത്തില്‍നിന്ന് കമ്മല്‍, വസ്ത്രങ്ങളുടെ ഭാഗം, മുടി എന്നിവ കണ്ടെത്തി. ഇവ പഞ്ചാരക്കൊല്ലിയില്‍ കടുവ കൊന്ന രാധയുടേതാണെന്നാണ് സൂചന. കടുവയുടെ കഴുത്തില്‍ നാലു വലിയ മുറിവുകളുണ്ടായിരുന്നുവെന്നും മരണകാരണം ഈ മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്‍ അറിയിച്ചു.
''നരഭോജി കടുവയുടെ കഴുത്തിലെ വലിയ മുറിവുകള്‍ക്ക് അധികം പഴക്കമില്ല. ഇന്നലെ രാത്രിയില്‍ കാട്ടില്‍ ഏറ്റുമുട്ടലുണ്ടായതിന്റെ ഭാഗമായാണ് ഈ മുറിവുകളുണ്ടായതെന്നാണ് കരുതുന്നത്. കടുവയുടെ ശരീരത്തില്‍ മറ്റു ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പ്രസവിച്ചിട്ടില്ലാത്ത അഞ്ചു വയസ്സോളം പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.
ചത്ത കടുവ വയനാട് ഡാറ്റാബേസില്‍ ഉള്ളതല്ല. കാടിറങ്ങുന്ന കടുവ ആദ്യം കാലികളെയാണ് പിടിക്കുന്നത്. മനുഷ്യനെ നേരിട്ട് ആക്രമിക്കുന്നത് അപൂര്‍വാണ്. ആന്തരീകാവയവങ്ങളുടെ പരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചു. പഞ്ചാരക്കൊല്ലിയില്‍ നിരീക്ഷണം തുടരും.'' പ്രമോദ് ജി.കൃഷ്ണന്‍ പറഞ്ഞു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കൊന്നു തിന്ന കടുവയെ ഇന്നു പുലര്‍ച്ചെയാണ് പിലാക്കാവില്‍ വീടിനോട് ചേര്‍ന്ന് ചത്ത നിലയില്‍ കണ്ടെത്തിയത്. വെടിവച്ചു കൊല്ലാന്‍ നീക്കം നടത്തുന്നതിനിടെയാണ് കടുവ ചത്തത്.