വയനാട് പുനരധിവാസം; അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു

author-image
Biju
New Update
wayanad

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 87 പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയത് 6 പേരെ  മാത്രം. നോ ഗോ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം. 2 അ ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച 164 പരാതികള്‍ തള്ളിയാണ് 6 എണ്ണം സ്വീകരിച്ചത്.  

അതേ സമയം, വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതര്‍ നല്‍കേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചു. പാക്കേജ് അംഗീകരിച്ചാല്‍ നിലവിലെ വീടും ഭൂമിയും സറണ്ടര്‍ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതി. 

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയില്‍ 7 കോടി രൂപ മുതല്‍ മുടക്കില്‍ ട്രോമ കെയര്‍ നിര്‍മിക്കും. ദുരന്ത ബാധിതര്‍ക്കുള്ള തുടര്‍ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും. ദുരന്തത്തില്‍ കാണാതാവുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍ വിതരണം ചെയുമെന്നും മന്ത്രി അറിയിച്ചു.

wayanad Wayanad landslide wayanad disaster