/kalakaumudi/media/media_files/2025/03/04/1fqacwt8qutCVqTHjC7F.jpg)
കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം.
പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന്റെ സ്റ്റേജ് - 1 ക്ലിയറന്‍സ് ലഭിച്ചിരുന്നു. സ്റ്റേജ് - 2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ 8.025 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട്ടില്‍ 8.12 ഹെക്ടര്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി വയനാട്, കോഴിക്കോട് ജില്ലകളില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുക്കുകയും ചെയ്തിരുന്നു.