/kalakaumudi/media/media_files/2025/11/22/kalyanam-2025-11-22-22-43-11.jpg)
തൃശൂര്‍: വെട്ടിക്കാട്ടിരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. നാട്ടുകാരും കല്യാണസംഘവും തമ്മില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പള്ളം സ്വദേശിയുടെ വിവാഹ സല്‍ക്കാരമാണ് ഇവിടെ നടന്നിരുന്നത്. നിരവധി ആഡംബര കാറുകളിലായാണ് കല്യാണ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. റോഡ് ബ്ലോക്ക് ചെയ്യുകയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടത്തിവിടാതെയുമായതോടെ പിറകിലെ ടിപ്പറിലെ ഡ്രൈവര്‍ ഹോണ്‍ മുഴക്കി. ഇതോടെ വാക്കേറ്റമുണ്ടാവുകയും ഡ്രൈവര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. വെട്ടിക്കാട്ടിരി ആലിക്കപറമ്പില്‍ ബഷീറിനാണ് മര്‍ദനമേറ്റത്.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരും കല്യാണസംഘവും പരസ്പരം കല്ലേറ് നടത്തി. അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിയും ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞുപോവാത്തതിനാല്‍ മണ്ഡപം പൊലീസ് കാവലിലാണ്. കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
