ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയത്തിന് തന്നെ നല്‍കും-മുഖ്യമന്ത്രി

ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു പദ്ധതികള്‍ക്കാണ്. ശരാശരി 6.80 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്.

author-image
Prana
New Update
pension
Listen to this article
0.75x1x1.5x
00:00/ 00:00

സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4250 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1700 കോടി രൂപ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 മുതല്‍ കേരളം കേന്ദ്ര വിവേചനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ പശ്ചാത്തല വികസനത്തിന് ആവിഷ്‌കരിച്ചത് വന്‍കിട പദ്ധതികളാണ്. ശമ്പള പരിഷ്‌കരണം നടത്തി. പെന്‍ഷന്‍ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാം. കിഫ്ബിയെയും പെന്‍ഷന്‍ കമ്പനിയേയും വായ്പാ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി.
കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു പദ്ധതികള്‍ക്കാണ്. ശരാശരി 6.80 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

welfare pension