മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നാര്‍കോട്ടിക് സെല്‍ എസിപിയാണ് അന്വേഷണം നടത്തുക.
അന്വേഷണത്തിനു ശേഷം ഗോപാലകൃഷ്ണനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കേസെടുക്കാമെന്ന നിയമോപദേശത്തിലെ വ്യക്തതക്കുറവ് കാരണമാണ് അന്വേഷണം നടത്തുന്നത്.
മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയിട്ടുള്ള നിയമോപദേശം. എന്നാല്‍, രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ് ഇപ്പോഴത്തെ നിയമോപദേശമെന്ന നിലപാടിലാണ് പോലീസ്. കൂടുതല്‍ വ്യക്തത വരുത്തി കേസെടുത്ത് അന്വേഷണത്തിലേക്കു കടക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് പോലീസ് വീണ്ടും നിയമോപദേശം തേടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. ഇതിനു പിന്നാലെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാല്‍ പോലീസ് നിയമോപദേശം തേടുകയായിരുന്നു.