/kalakaumudi/media/media_files/2025/07/23/mammootty-2025-07-23-20-22-27.jpg)
തിരുവനന്തപുരം: പാര്‍ട്ടി ചാനലായ കൈരളിയുടെ ചെയര്‍മാനായി നടന്‍ മമ്മൂട്ടിയെത്തിയത് അപ്രതീക്ഷിതമായായിരുന്നു. ഒറ്റ പിന്മാറ്റത്തില്‍ മെഗാസ്റ്റാറിന് നഷ്ടമായത് രണ്ട് കോടി രൂപയാണ്. എന്നാല്‍ മമ്മൂട്ടിക്ക് അതൊരു നഷ്ടമായിരുന്നില്ല. പിറന്നനാട്ടില്‍ നിന്നും വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും ലഭിച്ച അംഗീകാരം കൂടിയായിരുന്നു. അവിടെയുമുണ്ടായിരുന്നു ഒരു വി എസ് ടച്ച്.
നിലപാടുകളില്‍ ഉറച്ചു നിന്ന വി എസ് ജനകീയ സമരങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ബോട്ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരം അതിലൊന്നായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് പ്ലാച്ചിമട സമരമുഖത്ത് നേരിട്ട് എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.
അന്ന് കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസഡറായി അവര്‍ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹം ആ ഓഫര്‍ സ്വീകരിക്കുകയും കമ്പനി പ്രഖ്യാപനം നടത്തുകയും ചെയ്തു. 2 കോടി രൂപയാണ് മമ്മൂട്ടിക്ക് കമ്പനി ഓഫര്‍ ചെയ്തത് എന്നാണ് അന്നത്തെ വാര്‍ത്തകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ഒരു പരസ്യതാരമാകാന്‍ തെന്നിന്ത്യയിലെ ഒരു സിനിമാ താരത്തിന് അന്ന് ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയാണത് എന്നും പറയപ്പെടുന്നു.
അന്ന് ഇടതുപക്ഷ ചാനലായ കൈരളിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി. വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന തൊട്ടടുത്ത ദിവസം കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ച് പ്രതിപക്ഷ നേതാവായ വിഎസ് മാധ്യമങ്ങളെ കാണുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് വിഎസിനോട് ചോദിച്ചു. 'കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്'. ഒട്ടും ആലോചിക്കാതെ ഉടനടി വി എസിന്റെ മറുപടി വന്നു. 'രണ്ടും കൂടി പറ്റില്ല, ഒന്നുകില്‍ മമ്മൂട്ടിക്ക് കൈരളിയുടെ ചെയര്‍മാനായി തുടരാം, അല്ലെങ്കില്‍ കൊക്കകോളയുടെ അംബാസഡറാകാം'.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരെ നടന്ന സമരത്തിനൊപ്പം നിന്ന വി എസിന് ഒരു ഇടതുപക്ഷ ചാനലിന്റെ ചെയര്‍മാന്‍ അതേ കമ്പിയെ വാഴ്ത്തി പാടുന്ന പരസ്യത്തില്‍ അഭിനയിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്തായാലും തൊട്ട് പിറകെ കൊക്കക്കോളയുടെ അംബാസഡറാകാനുളള തീരുമാനത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുകയായിരുന്നു.