/kalakaumudi/media/media_files/2025/01/14/6q34K3LHqmWI5qj1IKAM.jpg)
മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്കു മാറ്റാനുള്ള ഒരുക്കത്തിനിടെ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണു സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രന്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റന്‍ഡര്‍ കണ്ടെത്തിയത്. ഇതോടെ പവിത്രനെ തീവ്രപരിചരണ വിഭാഗത്തിലേ(ഐസിയു)ക്ക് മാറ്റി.
മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്കു കൊണ്ടുവന്നത്. ബന്ധുക്കള്‍ മരണം ഉറപ്പിച്ചതിനെ തുടര്‍ന്ന്
പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഭാഗമായി കണ്ണൂര്‍ എ കെ ജി ആശുപത്രി മോര്‍ച്ചറി അനുവദിച്ചു. മൃതദേഹം പുറത്തിറക്കാനിരിക്കെയാണ് ആശുപത്രി ജീവനക്കാര്‍ കയ്യില്‍ അനക്കം കണ്ടത്. ആംബുലന്‍സ് തുറന്ന സമയത്ത് കൈ അനങ്ങുന്നതുപോലെ സംശയം തോന്നിയാണ് ശ്രദ്ധിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരന്‍ പ്രതികരിച്ചു. മരണം ഉറപ്പിച്ചത് ബന്ധുക്കള്‍ തന്നെയാണെന്ന് എകെജി ആശുപത്രിയിലെ അറ്റന്‍ഡര്‍ ജയന്‍ പറഞ്ഞു.
മരണം ഉറപ്പിച്ചതിന്റെ രേഖകള്‍ വാങ്ങുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ബന്ധുക്കള്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ഫ്രീസര്‍ അടക്കം ഇവിടെ തയ്യാറാക്കിവെച്ചിരുന്നു.