കിണറ്റില്‍ അകപ്പെട്ടിരുന്ന ആനയെ കരകയറ്റി; വിജയം 20 മണിക്കൂറുകള്‍ക്കൊടുവില്‍

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്.

author-image
Punnya
New Update
elephant rescue

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ അകപ്പെട്ടിരുന്ന കാട്ടാനയെ കരകയറ്റി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപോവുകയായിരുന്നു. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നത്. 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയശേഷമാണ് കാട്ടാന രക്ഷപ്പെട്ടത്. കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയാണ് ആനയെ കരകയറ്റിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയില്‍ ആനയ്ക്ക് പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. പലതവണ വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ ആന കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. ഏറ്റവും ഒടുവിലായി നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബ്ബര്‍ തോട്ടത്തിലേക്കാണ് ആന പോയത്. കാഴ്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിന് വേണ്ടി ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥന്‍ സണ്ണിക്ക് നല്‍കും. പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിര്‍ത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താന്‍ നാളെ കുങ്കിയാനകളെ എത്തിക്കും. കാര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. ആനയെ കിണറ്റില്‍ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തുകയായിരുന്നു. സ്ഥലത്തെ ഇടവക വികാരി ഉള്‍പ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്.

Elephant rescue mission escaped