/kalakaumudi/media/media_files/2026/02/16/parvathi-2026-02-16-15-38-00.jpg)
തിരുവനന്തപുരം: പായൽ നിറഞ്ഞ് ദുർഗന്ധപൂരിതമായി പാർവതി പുത്തനാറിന്റെ ശുചീകരണം എങ്ങുമെത്താതെ നീളുമ്പോൾ ശാപമോക്ഷത്തിനായി പ്രാർത്ഥിക്കുകയാണ് കരിയ്ക്കകം നിവാസികൾ. കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടുന്ന പുത്തനാറിന്റെ തീരത്തോട് ചേർന്നുള്ള താമസക്കാർക്ക് മഴയെ പേടിയാണ്. താഴ്ന്ന പ്രദേശമായതിനാൽ വേഗം വെള്ളം കെട്ടും. വേളി പൊഴി മുറിച്ചില്ലെങ്കിൽ പുത്തനാർ കരകവിയും. ഇതോടെ കക്കൂസ് മാലിന്യമുൾപ്പെടെ വീടുകളിലേക്ക് ഇരച്ചുകയറി ജീവിതം ദുരിതമയമാക്കും.
നഗരത്തിലെ എല്ലാ വിസർജ്യങ്ങളും വന്നടിയുന്നതും പുത്തനാറിൽ തന്നെ. പുത്തനാറിലേക്ക് തുറന്നിരിക്കുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും ഡ്രെയിനേജ് മാലിന്യ കുഴലുകൾ അടയ്ക്കുമെന്നാണ് കോർപ്പറേഷൻ പറയുന്നത്. എന്നാൽ കരിയ്ക്കകത്തും സമീപപ്രദേശങ്ങളിലും ഡ്രെയിനേജ് സംവിധാനം ഒരുക്കാതെ പുത്തനാർ ഒരിയ്ക്കലും ശുദ്ധിയാകില്ലെന്നത് പകൽ പോലെ സത്യമാണ്,യാഥാർത്ഥ്യമാണ്. പുത്തനാർ ശുചീകരണ പ്രവൃത്തികൾ എംഎൽഎ കടകംപള്ളിയുടെ നേതൃത്വത്തിൽ
നടക്കുന്നുണ്ട്. പക്ഷേ പിന്നെയും പിന്നെയും പായൽ നിറഞ്ഞ് പുത്തനാർ പഴയപടിയാകുന്നത് കനത്ത വെല്ലുവിളിയായിട്ടുണ്ട്.
ടൂറിസം വികസനവും, ചരക്ക് ഗതാഗതവും ലക്ഷ്യമിട്ട് 2022 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കിയ കരിക്കകത്തെ, സംസ്ഥാനത്തെ തന്നെ ആദ്യ ലിഫ്ട് ബ്രിഡ്ജും ഇന്ന് അനാഥാവസ്ഥയിലാണ്. കോവളം-ബേക്കൽ ജലപാതയിൽ പാർവ്വതി പുത്തനാറിന് കുറുകെ കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലേക്കുള്ള പാലത്തോടു ചേർന്നാണ് 3.5 കോടിയോളം രൂപ ചെലവിട്ട് സ്റ്റീൽ ഉപയോഗിച്ചുള്ള ലിഫ്ട് പാലം നിർമിച്ചത്. തറയിൽ നിന്ന് അഞ്ചുമീറ്റർ ഹൈഡ്രോളിക് സംവിധാനത്തിലൂടെ പാലമുയർത്തി ജലപാതയിലൂടെ ചരക്ക് ഗതാഗതവും തലസ്ഥാന നഗരത്തെ ജല ടൂറിസവും ലക്ഷ്യമിട്ടായിരുന്നു ലിഫ്റ്റ് പാലം വിഭാവനം ചെയ്തത്. എന്നാൽ പാലം വന്നെങ്കിലും കോവളം-ആക്കുളം ജലപാത പദ്ധതി യാഥാർത്ഥ്യമായില്ല.
വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറുകളും ബോട്ടുകളും കടന്നുപോകുന്നതും പ്രതീക്ഷിച്ചിരുന്ന നാട്ടുകാർ ഇന്ന് വല്ലാത്ത വിഷമത്തിലാണ്. പാർവ്വതി പുത്തനാർ കൂടുതൽ മലിനമാകുന്നത് പ്രദേശവാസികളെ പകർച്ചവ്യാധികളിലേക്കും രോഗങ്ങളിലേക്കും തള്ളിവിടുമെന്ന ആശങ്കയുമുയരുന്നുണ്ട്. നാട്ടുകാരുടെ പ്രശ്‌നങ്ങൾ
*വെള്ളം കയറുമ്പോൾ ദുർഗന്ധം കാരണം വീടുകളിൽ ഇരിക്കാൻ കഴിയില്ല. ഭക്ഷണം പോലും കഴിക്കാൻ ബുദ്ധമുട്ടാണ്
*സന്ധ്യയാകുന്നതോടെ കൊതുക് ശല്യം രൂക്ഷം. കറണ്ടില്ലെങ്കിൽ ഉറങ്ങാനേ കഴിയില്ല. സാംക്രമികരോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
*പുത്തനാറിനോട് ചേർന്നുള്ള പ്രദേശത്ത് രണ്ടും മൂന്നും സെന്റുകാർക്ക് വീട് വയ്ക്കാൻ ബുദ്ധിമുട്ട്. എയർപോർട്ട്,കോർപ്പറേഷൻ,ടൗൺ പ്ലാനിംഗ് അനുമതികൾ നേടാൻ കാലതാമസമെടുക്കുന്നു. അനുമതി കിട്ടിയവർക്കാകട്ടെ സ്വന്തം ചെലവിൽ ആവശ്യപ്പെടുന്ന സമയത്ത് വീട് പൊളിച്ചു മാറ്റിക്കൊടുക്കണം എന്ന വ്യവസ്ഥയും.
*കടകൾ നടത്താൻ പെർമിഷൻ നൽകാത്തതു കാരണം സമീപത്തൊന്നും പരിസരവാസികൾക്ക് അവശ്യ സാധന ങ്ങൾ വാങ്ങാൻ ഒരു പെട്ടിക്കട പോലുമില്ല. എന്തിനും ബൈപാസ് റോഡിലേക്ക് കയറേണ്ട അവസ്ഥ.
ആവശ്യങ്ങൾ
ഡ്രെയിനേജ് സംവിധാനം, വയോജനങ്ങൾക്കായി പാർക്ക്,യുവാക്കൾക്ക് ടർഫ്,രാവിലെയും വൈകുന്നേരങ്ങളിലും നടക്കാൻ നടപ്പാത,പ്രദേശവാസികളുടെ ചെറിയ ഒത്തുകൂടലുകൾക്കും ചടങ്ങുകൾക്കുമായി കമ്മ്യൂണിറ്റി ഹാൾ,മാലിന്യപ്രശ്‌നത്തിന് പരിഹാരം എന്നിവ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
