ന്യൂഡൽഹി:സിനിമാഭിനയം നിശ്ചയമായും തുടരുമെന്നും അതിൻ്റെ പേരിൽ മന്ത്രിസ്ഥാനം പോകുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു വെന്ന് കരുതുമെന്നുമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരസ്യ പ്രതികരണത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. ഫിലിം ചേമ്പർ നൽകിയ സ്വീകരണത്തിലെ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് വലിച്ചിഴച്ചതിലും അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയതിലും കേന്ദ്രനേതൃത്വംകടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
പാർട്ടി രീതികളിൽ നിന്ന് വ്യത്യസ്തമായി ഭിന്നാഭിപ്രായ പ്രകടനം നടത്തുന്നത് പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്. 22 സിനിമകൾ ചെയ്യാനുണ്ടെന്ന് വ്യക്തമാക്കി അതുമായി ബന്ധപ്പെട്ട പേപ്പറുകൾ അമിത് ഷായ്ക്ക് നൽകിയപ്പോൾ അദ്ദേഹം ആ പേപ്പർ കെട്ടുകൾ മുഴുവൻ എടുത്തെറിഞ്ഞതായും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദേശമനുസരിച്ച് കേന്ദ്ര സംസ്ഥാന മന്ത്രിമാർ മറ്റ് ജോലികളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിർദ്ദേശം നിലനിൽക്കെ ഇതിനെതിരെ സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചത് പാർട്ടിക്കുള്ളിലും മന്ത്രിസഭയിലും ഭിന്നാഭിപ്രായത്തിന് കാരണമായേക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. നിർദേശം ലംഘിച്ച് ഒരാൾക്ക് മാത്രം അനുമതി നൽകിയാൽ മറ്റുള്ള മന്ത്രിമാരും അനുമതിക്കായി നേതൃത്വത്തെ സമീപിക്കാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര നേതൃത്വം കുരുതുന്നു.
സെപ്തംബർ ആറിന് ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ താനിങ്ങ് പോരുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നത്. ഇതിന് കേന്ദ്രനേതൃത്വം അനുമതി നൽകുമോയെന്നാണ് അറിയേണ്ടത്. അനുമതി നൽകിയില്ലെങ്കിൽ സുരേഷ് ഗോപിയുടെയും കേന്ദ്രനേതൃത്വത്തിൻ്റെയും പ്രധാനമന്ത്രിയുടെയും നിലപാട് എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.