മകള്‍ക്ക് അമേരിക്കയില്‍ പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി പഠനത്തിന് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
അമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ചുനക്കര സ്വദേശി വിഷ്ണുമൂര്‍ത്തി ഭട്ടിന്റെ കയ്യില്‍നിന്നും രാജി പണം തട്ടിയത്. പത്തര ലക്ഷത്തോളം രൂപ രാജി തട്ടിയെടുത്തു എന്നാണ് പരാതി. 2022 ഏപ്രില്‍ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടില്‍ വച്ച് ആദ്യം നാലര ലക്ഷം രൂപ നല്‍കി.തുടര്‍ന്നു പലപ്പോഴായി കൃഷ്ണമൂര്‍ത്തി ഭട്ടിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും, പ്രതിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി ബാക്കി പണം കൈമാറി. പണം കൈപ്പറ്റിയെങ്കിലും വിസ തരപ്പെടുത്താനോ പണം തിരികെ നല്‍കാനോ പ്രതി തയ്യാറായില്ല.കൃഷ്ണമൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജി പിടിയിലായത്. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതി പല സ്ഥലങ്ങളായി വാടക വീട് എടുത്തു താമസിക്കുകയായിരുന്നു.രാജിയെ തിരുവല്ല മഞ്ഞാടിയില്‍ നിന്നാണ് പിടികൂടിയത്. സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിലും ഇവര്‍ മുമ്പ് പ്രതിയായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.