കേരളത്തിലെ പലയിടങ്ങളിലും ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരെ കുറിച്ച് യാത്രക്കാർക്ക് പരാതികൾ നിരവധിയാണ്.പലപ്പോഴും,ഡ്രൈവർമാർ കൂടുതൽ തുക ചോദിക്കുന്നത് തർക്കങ്ങൾക്കും വഴക്കുകൾക്കും ഇടയാക്കാറുണ്ട്.മീര സമീറ എന്ന യുവതി കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവറുമായി തനിക്കുണ്ടായ വളരെ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ്.ഒരു കടയിൽ നിന്ന് മടങ്ങുമ്പോൾ വെയ്റ്റിംഗ് ചാർജായി 120 രൂപ കൂടുതൽ ചോദിച്ചത് ചോദ്യം ചെയ്തതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന തന്റെ മകനും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഡ്രൈവർ ചോദിച്ച പണം നൽകാത്തതിനെ തുടർന്ന് മോശമായി സംസാരിക്കുകയായിരുന്നുവെന്നും,മകൻ്റെ വൈകല്യത്തെ കളിയാക്കുക തുടങ്ങിയ പെരുമാറ്റങ്ങളാണ് ഓട്ടോ ഡ്രൈവറിൽ നിന്നും താൻ നേരിട്ടതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.സംഭവത്തിൽ ഓട്ടോഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ നടപടിയെടുക്കുന്നതായാണ് അറിഞ്ഞതെന്നും യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
മീര സമീറ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് :
ചൊവ്വാഴ്ച ഞാനും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന എന്റെ ഇളയ മകൻ ഇമ്മാനുവലും അനുഭവിക്കേണ്ടി വന്ന ഒരു ദുരവസ്ഥ നിങ്ങളുമായി പങ്കുവെക്കുകയാണ് സന്ധ്യയ്ക്ക് ഏകദേശം 7 മണിയോടെ ഞാനും മകനും എറണാകുളം M G Road ലുള്ള Centre Square Mall ന് എതിർവശത്തു നിന്ന് കടവന്ത്രയിലെ ഞങ്ങളുടെ വീട്ടിലേ ക്ക് പോകാനായി ഒരു ഓട്ടോയിൽ കയറി.ഓട്ടോ കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ ഡ്രൈവറിനോട് പറഞ്ഞു ചേട്ടാ പദ്മ ജംഗ്ഷൻ വരെയൊന്ന് പോകാനുണ്ട്, അവിടെയൊരു ഷോപ്പിൽ നിന്ന് എനിക്കൊരു സാധനമെടുക്കാനുണ്ടെന്ന് ... ഒരു മടിയും കൂടാതെ അയാൾ യു ടേൺ എടുത്തുആ കടയിലേക്ക് വിട്ടു.ഉച്ചയ്ക്ക് ശേഷം ഞാനാ കടയിൽ വിളിച്ച് എനിക്കാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തിരുന്നെങ്കിലും ക്രിസ്മസ് തിരക്കുകൾ കാരണം അവരത് പാക്ക് ചെയ്തു വെയ്ക്കാൻ മറന്ന് പോവുകയും, അതുകൊണ്ട് ഞാൻ എത്തിയ ശേഷം അവർ സാധനങ്ങൾ പാക്ക് ചെയ്തു ബിൽ ആക്കി തരാൻ ഏകദേശം ഏഴു മിനിറ്റ് എടുക്കുകയും ചെയ്തു.ഈ നേരമത്രയും എന്റെ മകൻ പുറത്ത് ഓട്ടോയിൽ കാത്തിരിക്കുകയായിരുന്നു.ഞാൻ സാധനങ്ങൾ എടുത്ത് ഓട്ടോയിൽ കയറി.ഡ്രൈവർ അപ്പോഴും അത്രനേരം കാത്തു നിന്നതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല.പക്ഷേ പദ്മ ജംഗ്‌ഷനിൽ നിന്ന് 4 km ദൂരമുള്ള എന്റെ വീടിനു മുന്നിൽ 7.30 ഓടെ എത്തിയപ്പോൾ അയാളോട് ഞാൻ കൂലി ചോദിച്ചു, അപ്പോൾ അയാൾ 200 രൂപ എന്ന് പറയുകയും ചെയ്തു.ഞാൻ പറഞ്ഞു ചേട്ടാ ഇത് അന്യയമാണ്, 80-100 ഒക്കെയാണ് സാധാരണ എല്ലാവരും വാങ്ങുക, സ്വന്തമായി വാഹനം ഓടിക്കാറുണ്ടെങ്കിലും ഞാൻ ഇടക്കിടയ്ക്ക് ഓട്ടോ യിൽ യാത്ര ചെയ്യാറുണ്ട്. വെയ്റ്റിംഗ് ചാർജ് ഉൾപ്പെടെ ഞാൻ 120 തരാമെന്ന് മര്യാദയുടെ ഭാഷയിൽ പറയുകയും ചെയ്തു.... അയാൾ 10 മിനിറ്റോളം എന്നോട് അങ്ങേയറ്റം പരുഷമായ ഭാഷയിൽ തർക്കിച്ചെങ്കിലും ഞാൻ ശബ്ദമുയർത്താതെ തന്നെ 120 രൂപ തരാമെന്നുള്ള നിലപാടിൽ ഉറച്ചു നിന്നു. അയാൾ സമ്മതിച്ചില്ല.ഒടുവിൽ ഞാൻ ആ ഓട്ടോയിലെ QR code scan ചെയ്ത് 120 രൂപ അയാൾക്ക് G-PAYലേക്ക്ഇട്ടു.അപ്പോഴേക്കും അയാൾ രോഷം കൊണ്ട്, ഓട്ടോ വളരെ വേഗത്തിൽ എടുക്കുകയും, ഞാൻ പുറത്തെടുത്തു വച്ചിരുന്ന സാധനങ്ങൾ അടങ്ങിയ ആ വലിയ കവറിനു മുകളിലേക്ക് ഓടിച്ച് അത് മറിച്ചിടുകയും ചെയ്തു.ഒപ്പം വലിയ ശബ്ദത്തിൽ "വെറുതെയല്ലെടി നിന്റെ മകൻ ഇങ്ങനെ ആയിപ്പോയത്"എന്നൊരു അലർച്ചയും.എനിക്ക് തിരിച്ചൊന്നും പറയാൻ കഴിയാത്ത വണ്ണം വേദന കൊണ്ട് ഞാൻ നിശബ്ദയായി പോയി..ആ സമയം അയാൾ ഓട്ടോ റിവേഴ്‌സ് എടുക്കുകയായിരുന്നു.എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നത് ഞാൻ കേട്ടില്ല.അപ്പോഴും ഞാനയാളോട് കയർത്തിട്ടില്ല.അതിവേദനയോടെ ഞാനയാളോട് ഇത്രയും പറഞ്ഞു "ചേട്ടാ ഇത് ലോകത്ത് എവിടെയും, ചേട്ടന്റെ വീട്ടിലും സംഭവിക്കാവുന്നതേയുള്ളു,ആരോടും ഇങ്ങനെയൊന്നും പറയരുത്,നിങ്ങൾ ഇത്ര മനുഷ്യത്വം ഇല്ലാത്തവനായി പോയല്ലോ"എന്ന്.ഉടനെ അയാൾ കൂടുതൽ ഉച്ചത്തിൽ "നിനക്കൊക്കെ ഇങ്ങനെ ഉള്ളതേ ഉണ്ടാകൂ"എന്നും കൂടി പറഞ്ഞ ശേഷം ഓട്ടോ അതിവേഗത്തിൽ എടുത്തു ഗെയിറ്റിനടുത്തേക്ക് പോവുകയും സെക്യൂരിറ്റിയോട് എന്തൊക്കെയോ പറയുകയും ചെയ്തു.ആ സമയം ഞാൻ ആ ഓട്ടോയുടെ നമ്പർ നോട്ട് ചെയ്യാൻ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.ഉടൻ തന്നെ ഞാൻ കടവന്ത്ര പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറയുകയും അവർ 15 മിനിറ്റിനുള്ളിൽ (SI യും 2 constables ഉം) എന്റെ വീട്ടിലെത്തി സംഭവത്തിന്റെ വിശദാoശങ്ങൾ എഴുതി എടുക്കുകയും ഉചിതമായ നടപടി എടുക്കുകയും ചെയ്യാമെന്ന് ഉറപ്പ് വരുത്തി പോവുകയും ചെയ്തു.ഓട്ടോ ഡ്രൈവർ എന്നോട് കയർത്തു സംസാരിക്കുന്ന നേരമത്രയും എന്റെ മകൻ ഇമ്മാനുവൽ ആകെ പാനിക്ക് ആയി നിൽക്കുകയായിരുന്നു.ഈ സംഭവം എന്നെ മാനസികമായി ഏറെ തളർത്തി കളഞ്ഞു.സംഭവം നടന്ന ഉടനെ തന്നെ ഞാനെന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവർ വന്ന് മുഖ്യമന്ത്രി,ഡിജിപി,സിറ്റി പോലീസ് കമ്മീഷ്ണർ ഉൾപ്പെടെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർക്ക്,ഈ സംഭവത്തിന്റെ എല്ലാ വിവരങ്ങളും മെയിൽ അയക്കുകയും ചെയ്തു.4KM ന് അമിതകൂലി ആവശ്യപ്പെട്ടത് നിഷേധിച്ചതാണ് അയാൾ എന്നിൽ ആരോപിക്കുന്ന കുറ്റം.അതിന് 15 വർഷം മുമ്പ് ജനിച്ച നിസ്സഹായനായ എന്റെ കുഞ്ഞ് എന്ത് ചെയ്തു.ഇത്രയും ഹീനമായ ഒരു പരാമർശം നടത്തിയ അയാളെ മൃഗം എന്ന് പോലും വിളിക്കാൻ കഴിയുന്നില്ല.വെല്ലുവിളികൾ നേരിടുന്ന മനുഷ്യരെ,ഇപ്പോഴും സമൂഹത്തിലെ ഒരു വിഭാഗം എങ്ങനെയാണ് നോക്കി കാണുന്നതെന്നതിന്റെ നേർകാഴ്ചയാണ് ഇന്നലെ രാത്രി ഞാൻ കണ്ടത്.
Traumatized ആണ് ഞാൻ.പോലീസ് ഇന്ന് അയാളെ സ്റ്റേഷൻ വിളിച്ചു വരുത്തി.എനിക്ക് അവിടം വരെ ചെല്ലാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല.അയാൾ ഒരു മണിക്കൂറോളം ഞങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റിന് താഴെ വന്ന് കാത്തിരിക്കുകയും ചെയ്തുവെന്ന് സെക്യൂരിറ്റി പറഞ്ഞു.പക്ഷേ അയാൾ എന്നോടും എന്റെ കുഞ്ഞിനോടും ചെയ്ത ക്രൂരത ക്ഷമിക്കാനോ മാപ്പ് കൊടുക്കാനോ ഞാൻ തയ്യാറല്ല.ഈ സമൂഹത്തിന്റെ കാഴ്ചപ്പാട് ഇനിയും മാറേണ്ടതുണ്ട്.ഒറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കല്ല.നമ്മൾ ഓരോരുത്തരും മാറ്റമാവുക.ഒരു വലിയ മാറ്റത്തിന്റെ തുടക്കം അങ്ങനെയാവട്ടെ.സമാന അനുഭവങ്ങൾ ഉള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരെ ചേർത്ത് ഒരു പത്രസമ്മേളനം നടത്തി അധികൃതരെ അറിയിക്കണമെന്നും,വെല്ലുവിളികൾ നേരിടുന്ന സഹജീവികൾക്ക് അർഹിക്കുന്ന സഹായവും പരിഗണനയും ഉറപ്പാക്കുകയും ചെയ്യണമെന്നും ആഗ്രഹമുണ്ട്.മാനസികമായി വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള അവഹേളനങ്ങൾ എന്നെപ്പോലുള്ള single parentന് ഏല്പിക്കുന്ന ആഘാതം ചെറുതല്ല.verbal abuse നടത്തുന്ന ഇത്തരം നീചരായവർക്ക് തക്കതായ ശിക്ഷ കൊടുക്കാൻ സമൂഹം ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്.