/kalakaumudi/media/media_files/2026/02/07/charanam-2026-02-07-23-17-45.jpg)
കൊച്ചി: കൂട്ടുകാരിക്കൊപ്പം നടപ്പാതയിലൂടെ പോവുകയായിരുന്ന യുവതി നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാറിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങിയായിരുന്നു ദാരുണാന്ത്യം.കൊല്ലം പുത്തൂർ പൊരീക്കൽ ചാമത്തുണ്ടിൽ വീട്ടിൽ ജയചന്ദ്രബാബുവിന്റെ മകൾ ഗോപിക ജയനാണ് (31) മരിച്ചത്. ഒപ്പമുണ്ടായിരുന്നു തൃശൂർ കൂർക്കഞ്ചേരി സ്വദേശി മൊസീന (24) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.45ന് വൈറ്റില - കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപം പാരഡൈസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.
സമീപമുള്ള വനിതാഹോസ്റ്റലിൽ താമസിക്കുന്ന ഗോപികയും മൊസീനയും ഒപ്പം താമസിക്കുന്ന കൂട്ടുകാരിയെ വൈറ്റില ഹബ്ബിൽ യാത്രയാക്കി മടങ്ങുമ്പോഴാണ് കടവന്ത്ര ഭാഗത്തേക്ക് പോയ യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. ഗോപിക നടപ്പാതയിലും മൊസീന നടപ്പാതയ്‌ക്ക് താഴെയും കൈകോർത്താണ് നടന്നിരുന്നത്. പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങിയ ഗോപികയെ തൊട്ടടുത്ത ജിമ്മിലുണ്ടായിരുന്നവരും പിന്നിൽ വന്ന ബൈക്കിലെ യാത്രക്കാരും ചേർന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
എം.സി.എ കഴിഞ്ഞ ഗോപിക അഞ്ച് മാസം മുമ്പാണ് വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആർ വിഭാഗത്തിൽ ജോലിക്ക് ചേർന്നത്. ഭർത്താവ് മനുമോഹൻ ആറു കൊല്ലം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മക്കൾ: ശബരി നാഥ് (9), ആര്യനാഥ് (8). മാതാവ്: അംബിക.കാർ ഡ്രൈവർ അരൂർ സ്വദേശി വിവേക് സജീവിനെ (30) കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
