ടിക്കറ്റിന്റെ പണം നൽകാൻ വൈകിയതിനെത്തുടർന്ന് യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു ;കണ്ടക്ടർക്കെതിരെ നടപടി

​ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി

author-image
Devina
New Update
ksrtcccccccccccccccccccccccccccccccccccccccccccccccccc

തിരുവനന്തപുരം: ​ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി.

സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ സി അനിൽകുമാറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു.

വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടിൽ എസ് ദിവ്യയ്ക്കാണ് ദുരനുഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ അസുഖത്തെ തുടർന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങി വെള്ളറടയിലേക്കു പോകുകയായിരുന്നു.

പേഴ്സ് കാണാത്തതിനാൽ ​ഗൂ​ഗിൾ പേയിലൂടെ പണം നൽകാൻ ശ്രമിച്ചപ്പോൾ മൊബൈൽ റെയ്ഞ്ച് കുറവായതിനാൽ സാധിച്ചില്ല.

വെള്ളറടയിൽ എത്തുമ്പോൾ പണം നൽകാമെന്നു പറഞ്ഞെങ്കിലും കണ്ടക്ടർ ഇതം​ഗീകരിച്ചില്ല.

പിന്നാലെ കണ്ടക്ടർ അധിക്ഷേപിച്ചെന്നും രാത്രി 9.10നു തോലടിയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും എടിഒയ്ക്കു ദിവ്യ നൽകിയ പരാതിയിൽ പറയുന്നു